ചരിത്രവിജ്‌ഞാനീയം
ഗ്രന്ഥകാരനെപ്പറ്റി ഒന്നും പറയുവാൻ തരമില്ല. തൃശ്ശിവപേരൂർ ക്ഷേത്രത്തെപ്പറ്റി ഇതിൽ വിസ്തരിച്ചു പ്രതിപാദിക്കുന്നതുകൊണ്ടും, ശ്രീമൂലസ്ഥാനത്തിനു കേരളത്തിലെ മറ്റെല്ലാ സ്ഥലങ്ങളേക്കാളും പ്രാധാന്യം കല്പിക്കുന്നതുകൊണ്ടും, ഗ്രന്ഥകാരൻ തൃശ്ശിവപേരൂരോടു കൂടുതൽ ബന്ധമുള്ള ഒരാളായിരിക്കണമെന്ന് ഊഹിക്കാമെന്നേയുള്ളൂ. മറ്റു കേരളോൽപന്തി ഗ്രന്ഥങ്ങളുടേയും സ്വഭാവം ഇതിൽനിന്നു ഒട്ടൊക്കെ അനുമാനിക്കാവുന്നതുതന്നെ. കഥയെഴുത്തുകാർ തങ്ങളുടെ ആശ്രയീഭൂതന്മാരായ രാജാക്കന്മാരെയോ പ്രഭുക്കന്മാരെയോ അതതിൽ കൂടുതൽ പ്രകീർത്തിച്ചിരിക്കുമെന്നുള്ളത് ഇത്തരം കൃതികൾ ഓരോന്നിൻ്റെയും പ്രത്യേകതയുമാണു്. പരമ്പരാഗതമായ കേട്ടുകേൾവികളെ എഴുത്തുകാരൻ്റെ കല്പനാവൈഭവത്തോടുചേർത്തു കോർത്തിട്ടുള്ള ഇത്തരം കൃതികൾക്കു് ഒരു ചരിത്രഗ്രന്ഥത്തിൻ്റെ സ്ഥാനം നൽകാൻ തരമില്ലെന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലൊ.
ഐതിഹ്യമാല (എട്ടു ഭാഗങ്ങൾ): ഐതിഹ്യത്തിനു് ‘പാരമ്പര്യോപദേശം’ എന്നാണു് അമരസിംഹൻ അർത്ഥം കൊടുത്തിട്ടുള്ളത്. പൂർവ്വന്മാർ പരമ്പരയായി പറഞ്ഞുപോന്നിട്ടുള്ള ഒരുതരം കഥകളത്രെ ഐതിഹ്യങ്ങൾ. അവ നാനാജനങ്ങളേയും നാനാവിഷയങ്ങളേയും സംബന്ധിച്ചുള്ളവയാണ്. അവയിൽ സത്യത്തിൻ്റെ ശതമാനം എത്രയുണ്ടെന്നു നിർണ്ണയിക്കുക അത്ര എളുപ്പമല്ല. എങ്കിലും സത്യത്തിൻ്റെ ചില കിരണകന്ദളങ്ങൾ അവയിൽക്കൂടി സൂക്ഷ്മദൃക്കുകൾക്കു കാണുവാൻ കഴിയുന്നതാണു്.
“പോരുന്ന ലോകരു പരമ്പരയായ് പറഞ്ഞു –
പോരുന്ന വാക്കിലയഥാർത്ഥ വിചാരമാകാ:
ചേരാത്തദിക്കിലതുചേർക്കണമാത്മയുക്ത്യം:
പോരാത്തിടത്തു പരിപൂർത്തി വരുത്തിടേണം”
എന്ന് അഭിയുക്തവചനവുമുണ്ടല്ലോ. അതിനാൽ ഐതിഹ്യങ്ങൾ ചരിത്രപഠിതാക്കൾക്കു പ്രയോജനപ്പെടുന്ന ചില തെളിവുകളോ രേഖകളോ ആണെന്നു പറയാവുന്നതുതന്നെ.
