ചരിത്രവിജ്‌ഞാനീയം
കേരളമഹാചരിത്രം: കുറുപ്പംവീട്ടിൽ ഗോപാലപിള്ളയുടെ കൃതിയാണ് കേരളമഹാചരിത്രം, ആദികാലം മുതൽക്കുള്ള പല ചരിത്രവസ്തുതകളും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. എന്നാൽ ഒരു ചരിത്രകാരനുവേണ്ട സത്യാന്വേഷണ ബുദ്ധിയൊന്നും പ്രതിപാദനത്തിൽ കാണുന്നില്ല. “കെട്ടുകഥകളും ദുർവ്യാഖ്യാനങ്ങളും ദേശനാമങ്ങളെക്കൊണ്ടുചെയ്യുന്ന ചെപ്പടിവിദ്യകളും” ഇതിൽ സുലഭമാണു്. എങ്കിലും ഗ്രന്ഥകാരൻ്റെ അഭിപ്രായധീരത കാണുമ്പോൾ അദ്ദേഹത്തെ അഭിനന്ദിക്കുവാൻ ആർക്കും തോന്നിപ്പോകും. ‘കേരളമാഹാത്മ്യം’ എന്നൊരു കൃതിയും കുറുപ്പംവീടൻ്റെ വകയായിട്ടുണ്ടു്.
പ്രാചീനകേരളം: ആദ്യപെരുമാക്കന്മാർ, ബൗദ്ധപ്പെരുമാൾ എന്നുതുടങ്ങി 14 അദ്ധ്യായങ്ങളിലായിട്ടാണ് ശൂരനാട്ടു കുഞ്ഞൻപിള്ളയുടെ പ്രാചീനകേരളത്തലെ പ്രതിപാദ്യവസ്തു സമാഹരിച്ചിട്ടുള്ളതു്. ഭൂമികയിൽ പ്രാചീനകേരളചരിത്രം സംക്ഷേപിച്ചിരിക്കുന്നു. പ്രാചീന കേരളത്തെപ്പറ്റി പഠിക്കുവാൻ പ്രയോജനപ്പെടുന്ന ഒരു ചരിത്രഗ്രന്ഥം തന്നെയാണു് പ്രാചീനകേരളം.
കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ: കേരളചരിത്രവിഷയകമായി അടുത്തകാലത്തു പരിശ്രമം ചെയ്തിട്ടുള്ള പണ്ഡിതന്മാരിൽ ഇളംകുളം കുഞ്ഞൻപിള്ളയുടെ പേർ പ്രത്യേകം സ്മരിക്കേണ്ടിയിരിക്കുന്നു. ആർക്കും വേണ്ടത്ര എത്തും പിടിയും കിട്ടാതെ കിടക്കുന്ന പ്രസ്തുതവിഷയത്തിൽ ഏറെ സമയവും ദത്താവധാനനായി കഴിഞ്ഞുകൂടുകയാണദ്ദേഹം . അദ്ദേഹത്തിൻ്റെ തപസ്യയുടെ ഫലമായി, ‘കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ’ പലതും പ്രകാശിപ്പിക്കുവാൻ ഇതിനകം അദ്ദേഹത്തിനു സാധിച്ചിട്ടുണ്ടു്. അഭിപ്രായഭേദങ്ങൾ ഉണ്ടാകാമെങ്കിലും സ്വതന്ത്ര ചിന്തയുടെ ധീരപ്രകാശനങ്ങളാണു് അദ്ദേഹത്തിൻ്റെ മിക്ക കൃതികളും എന്നുള്ളതിൽ സംശയമില്ല. ഗവേഷണരംഗത്ത് ഇതുപോലെ സപ്രയോജനം വിപ്ലവം സൃഷ്ടിച്ച ചരിത്രകാരന്മാർ കേരളത്തിൽ മറ്റാരെങ്കിലുമുണ്ടോ എന്നു സംശയമാണു്. കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ അദ്ദേഹത്തിൻ്റെ അത്തരം കൃതികളിൽ ആദ്യത്തേതാണെന്നു തോന്നുന്നു. ‘മരുമക്കത്തായം കേരളത്തിൽ’ എന്ന പ്രബന്ധമാണു് ഇതിൽ ഏറ്റവും മേലെയായി തലയുയർത്തി നില്ക്കുന്നതു്. കേരളത്തിലെ സാമൂഹ്യസ്ഥിതിയെക്കുറിച്ചുള്ള വിശദവും നിഷ്കൃഷ്ടവുമായ ഒരു ചർച്ച ആ പ്രബന്ധത്തിൽ നിർവ്വഹിച്ചിരിക്കുന്നു. നായന്മാർ നാഗന്മാരായിരുന്നുവെന്നും, ഈഴവർ സിംഹളീയരാണെന്നും മറ്റുമുള്ള അഭിപ്രായങ്ങളെ അദ്ദേഹം ഇതിൽ ഖണ്ഡിച്ചിരിക്കയാണു്. ബ്രാഹ്മണവിധേയരായും സ്വച്ഛന്ദചാരികളായും വർത്തിച്ചിരുന്ന നായന്മാരുടെ നില നിസ്സങ്കോചം വെളിപ്പെടുത്താനും മടിച്ചിട്ടില്ല.
