ഗദ്യസാഹിത്യചരിത്രം. ഇരുപതാമദ്ധ്യായം

ചരിത്രവിജ്‌ഞാനീയം

കേരളം: ഇ എം. എസ്. നമ്പൂതിരിപ്പാട്ട് 1948-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു കേരളചരിത്രമാണു് ‘കേരളം: മലയാളികളുടെ മാതൃഭൂമി’ എന്ന കൃതി. അതിൽ മൂന്നു വാള്യങ്ങൾ ഉൾപ്പെടുന്നു. കേരളചരിത്രത്തിൻ്റെ ആദിമഘട്ടംമുതൽ ബ്രിട്ടീഷാധിപത്യം സ്ഥാപിക്കുന്നതുവരെയുള്ള ചരിത്രമാണ് ഒന്നാം വാള്യത്തിലെ വിഷയം. കേരളത്തിലെ സാമൂഹ്യ വ്യവസ്ഥയിൽ ബ്രിട്ടീഷ് ഭരണമുളവാക്കിയ പരിവർത്തനങ്ങൾ രണ്ടാം വാള്യത്തിലും, കേരളത്തിലെ ജനാധിപത്യ പ്രസ്ഥാനത്തിൻ്റെ ഉത്ഭവവും വളർച്ചയും മൂന്നാം വാള്യത്തിലും വിചിന്തനം ചെയ്യുന്നു. പ്രസ്തുത കൃതിയുടെ രചനയിൽ വന്നുചേർന്ന പന്തികേടുകളെ പരിഹരിച്ച് പിന്നീടു് ഇ. എം. എസ്. ഇംഗ്ലീഷിൽ എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും. കെ. പി. ജി. നമ്പൂതിരി മലയാളത്തിൽ പരിഭാഷപ്പെടുത്തി 1957-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതുമായ ഒരു കൃതിയാണ് ‘കേരളത്തിലെ ദേശീയപ്രശ്നം.’ ചേരസാമ്രാജ്യവും പെരുമാൾ സാമ്രാജ്യവും ഇവിടെ പൊളിഞ്ഞതു് അവ രണ്ടും കേരളീയ സമുദായത്തിൻ്റെ തലയ്ക്കുമിതെ നില്ക്കുന്ന ഏർപ്പാടുകളായതുകൊണ്ടാണെന്നും, പ്രാചീനകേരളത്തിലെ സാമൂഹ്യ വ്യവസ്ഥ പ്രാചീന കമ്മ്യൂണിസത്തിൻ്റേതായിരുന്നുവെന്നും, ആ വ്യവസ്ഥയിൽ ക്രമേണ വന്ന മാറ്റങ്ങളാണു് ഇവിടത്തെ ജാതികളുടെ ഉത്ഭവത്തിന്നും മറ്റനേകം സാമൂഹ്യ സംഭവവികാസങ്ങൾക്കും വഴിയൊരുക്കിയതെന്നും, ജന്മിവ്യവസ്ഥ, നാടുവാഴി മേധാവിത്വം മുതലായവയെല്ലാം ഈ സംഭവവികാസങ്ങളുടെ പരിണാമഫലങ്ങളാണെന്നും മറ്റുമുള്ള പല വിപ്ലവാശയങ്ങളും ഇതിൽ ഉന്നയിച്ചിരിക്കുന്നു.