ചരിത്രവിജ്‌ഞാനീയം
കേരളചരിത്രത്തെസ്സംബന്ധിച്ചു പുരാതനന്മാരിൽനിന്നു കാര്യമായ രേഖകളൊന്നും നമുക്കു ലഭിച്ചിട്ടില്ല. ചരിത്രമെഴുതി സൂക്ഷിക്കുന്നതിൽ അവർ ഉദാസീനരോ അപരിചിതരോ ആയിരുന്നതാണു് അതിനു കാരണം. 15-ാം നൂറ്റാണ്ടുമുതൽ കേരളത്തിൽ കടന്നുവന്ന ചില യൂറോപ്യന്മാരുടെ കുറിപ്പുകളാണല്ലോ കേരള ചരിത്രനിർമ്മാണവിഷയത്തിൽ നമുക്കിന്നു ലഭിച്ചിട്ടുള്ള വിലപിടിച്ച രേഖകൾ. പുരാതന കേരളീയരുടെ വിശ്വാസങ്ങളും സംസ്‌കാരങ്ങളും ആചാരാനുഷ്ഠാനങ്ങളും ഐതിഹ്യങ്ങളിൽ പലതിലും ഒളിഞ്ഞും തെളിഞ്ഞും കിടപ്പുണ്ട്. വിവേചനബുദ്ധികൊണ്ടു പതിരുനീക്കിയെടുത്താൽ അത്തരം ഐതിഹ്യങ്ങൾ പലതും ചരിത്രരേഖകൾക്കു തുല്യം വിലയുള്ളവതന്നെയാണു്. അവയെ അറിഞ്ഞും അന്വേഷിച്ചും ശേഖരിച്ചു സൂക്ഷിക്കുക, രാജ്യസ്നേഹവും ദേശാഭിമാനവും ഉള്ളവരുടെ ഒഴിച്ചുകൂടാത്ത ഒരു ചുമതലയുമാണു്. പരേതനായ കൊട്ടാരത്തിൽ ശങ്കുണ്ണി ആ കൃത്യമാണ് ഐതിഹ്യമാല എട്ടു ഭാഗങ്ങൾകൊണ്ടു ഭംഗിയായി നിർവ്വഹിച്ചിട്ടുള്ളതു്.
കേരളത്തിൽ പല നിലകളിൽ പ്രസിദ്ധന്മാരായിത്തീർന്നിട്ടുള്ള മഹാപുരുഷന്മാർ, മഹാക്ഷേത്രങ്ങൾ, ദേവന്മാർ, ചില സാമൂഹ്യനടപടികൾ എന്നിങ്ങനെയുള്ളവയാണു് ഐതിഹ്യമാലയിലെ പ്രമേയങ്ങളിൽ അധികവും. സംഗീതസാഹിത്യാദി കലകൾ, വൈദ്യം, മന്ത്രം, ഇന്ദ്രജാലം എന്നുതുടങ്ങിയവയിൽ വിദഗ്ദ്ധന്മാരായ എത്രയെത്ര ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നുവെന്നു് ഈ ഗ്രന്ഥപരമ്പരവായിക്കുമ്പോൾ നാം അത്ഭുതാനന്ദങ്ങളോടുകൂടി അറിയുന്നു. ഗ്രന്ഥകാരൻ്റെ കഥാകഥനരീതി വായനക്കാരെ ഒരറ്റം മുതൽ മറ്റെ അറ്റംവരെ ആകർഷിക്കുവാൻ മതിയായതുമാണു്. “വിഷയങ്ങളുടെ വിവിധത്വവും അവയെപ്പറ്റിയുള്ള സുവിസ്‌തൃതങ്ങളായ വിവരണങ്ങളും ഇടയ്ക്കിടെ കാണുന്ന സ്വാഭിപ്രായങ്ങളും അനുമാനങ്ങളും അദ്ദേഹത്തിൻ്റെ തത്വാന്വേഷണതൽപരതയേയും ബുദ്ധിശക്തിയുടെ വ്യാപകത്വത്തേയും നിശിതമായ ഉപലബ്ധിയേയും സൂചിപ്പിക്കുന്നു.”
“ഈ കൃതി വായിക്കുമ്പോൾ പുരാതനകാലത്തിൻ്റെ അജ്ഞാത പ്രദേശങ്ങളിലേക്കു വഹിക്കപ്പെടുന്നുവെന്നു തോന്നിപ്പോകുന്നു. സർ വാൾട്ടർ സ്കോട്ടിൻ്റെ ആഖ്യായികകളോ അറേബ്യൻ ‘രജനീവിനോദങ്ങളോ’ വായിക്കുമ്പോൾ നമുക്കുണ്ടാകുന്ന അത്ഭുതാദിരസങ്ങളെയാണു് ഈ കൃതി വായനക്കാരിൽ ജനിപ്പിക്കുന്നതു്.” എന്നിങ്ങനെ മൂന്നാം ഭാഗത്തിൻ്റെ ആമുഖോപന്യാസത്തിൽ ആർ. ഈശ്വരപിള്ള പ്രസ്താവിച്ചിട്ടുള്ളതു പൊതുവെ എല്ലാഭാഗങ്ങളേയും സംബന്ധിക്കുന്നതുതന്നെയാണ്.
