ഗദ്യസാഹിത്യചരിത്രം. ഇരുപതാമദ്ധ്യായം

ചരിത്രവിജ്‌ഞാനീയം

ചരിത്രഗവേഷണങ്ങൾ: ഈ സന്ദർഭത്തിൽ ചരിത്രഗവേഷണപരമായ ചില കാര്യങ്ങളെപ്പറ്റി അല്പം ചിലതു പ്രസ്താവിക്കുവാൻ ആഗ്രഹിക്കുന്നു. നമ്മുടെ നാട്ടിൽ ഭാഷാസംബന്ധമായ ഗവേഷണം ആദ്യം നടത്തിയതു സർവ്വാധികാര്യക്കാർ പി. ഗോവിന്ദപ്പിള്ളയാണെന്നു പറയുന്നതിൽ അധികം തെറ്റില്ല. അദ്ദേഹത്തിൻ്റെ ‘ഭാഷാസാഹിത്യചരിത്രം’ പ്രസിദ്ധപ്പെടുത്തുന്നതിനുമുമ്പു ഗ്രന്ഥങ്ങൾ പരിശോധിച്ചും അവയുടെ കർത്താക്കന്മാരെപ്പറ്റി അന്വേഷിച്ചും ഏതെങ്കിലും വിവരണം നല്കുവാൻ ആരെങ്കിലും മുതിന്നിരുന്നുവോ എന്നു സംശയമാണു്. തന്മൂലമത്രെ ഗോവിന്ദപ്പിള്ളയെ ആദ്യത്തെ ഗവേഷകനായി സങ്കല്പിക്കാമെന്നു സൂചിപ്പിച്ചതു്. അദ്ദേഹത്തെപ്പറ്റി ‘ഭാഷാവിജ്ഞാനീയം’ എന്ന അദ്ധ്യായത്തിൽ വിവരിച്ചിട്ടുള്ളതിനാൽ കൂടുതൽ ഒന്നും ഇവിടെ പ്രസ്താവിക്കുന്നില്ല.

കവനോദയ പ്രവർത്തകന്മാർ: ചന്ദ്രോത്സവം, ഭാഷാഭാരതചമ്പു മുതലായി അദൃഷ്ടപൂർവ്വങ്ങളായ അനേകം ഗ്രന്ഥതല്ലജങ്ങൾ പ്രസിദ്ധപ്പെടുത്തിയ കടത്തനാട്ട് ഉദയവർമ്മ രാജാ, കൃഷ്ണവാര്യർ, കെ. സി. നാരായണൻ നമ്പ്യാർ എന്നീ കവനോദയ പ്രർവത്തകന്മാർ ഭാഷാസാഹിത്യ ചരിത്രകർത്താവിൻ്റെ അടുത്ത പിൻഗാമികളായി ശോഭിക്കുന്നവരത്രെ. മേല്പറഞ്ഞ കൃതികളെ സംബന്ധിച്ച പല വിവരങ്ങളും കേരളീയർ ഗ്രഹിച്ചതും കവനോദയം വഴിക്കുതന്നെ. കൃഷ്ണഗാഥയുടെ കർത്താവു പുനമാണെന്നുള്ള അഭിപ്രായം ആദ്യമായി പുറപ്പെടുവിച്ചതും കവനോദയ പ്രവത്തകരായിരുന്നു. അങ്ങനെ ഒരഭിപ്രായം പുറത്തുവന്നതുകൊണ്ടാണല്ലോ, അതിനെ എതിർക്കുവാൻവേണ്ടിയാണല്ലോ, കൃഷ്ണഗാഥയെസംബന്ധിച്ചു നിഷ്കൃഷ്ടമായ ഒരു നിരൂപണം സാഹിത്യപഞ്ചാനനൻ രചിക്കുവാനിടയായതു്.

അപ്പൻ തമ്പുരാനും കുഞ്ഞിക്കുട്ടൻ തമ്പുരാനും: അപ്പൻതമ്പുരാൻ, കുഞ്ഞിക്കുട്ടൻതമ്പുരാൻ എന്നിവരുടെ ഗവേഷണപരിശ്രമങ്ങൾ നാമെന്നും ആദരപൂർവ്വം സ്മരിക്കേണ്ടവയാണു്. ഉണ്ണുനീലിസന്ദേശം എന്ന സുപ്രസിദ്ധകാവ്യം, ഇവരുടെ അന്വേഷണശക്തിയുടെ ഉന്മേഷദാർഢ്യം കൊണ്ടാണല്ലോ കണ്ടുകിട്ടിയതു്. രസികരഞ്ജിനിവഴി അതു സൂര്യപ്രകാശമേല്ക്കുകയും ചെയ്തു. പ്രസ്തുത താളിയോലഗ്രന്ഥം പിന്നീടു് ഉള്ളൂരിൻ്റെ ഗ്രന്ഥപ്പുരയിലാണു് അഭയംപ്രാപിച്ചുപോന്നതു്. ഏതാനും വർഷങ്ങൾക്കുമുമ്പ് അതു ശൂരനാടൻ്റെ അടുക്കൽ ചെന്നുചേർന്നിട്ടുള്ളതായും അറിയുന്നു. ‘ലീലാതിലകം’ എന്ന സാഹിത്യശാസ്ത്രത്തിൻ്റെ പ്രകാശകന്മാരും ഈ തമ്പുരാക്കന്മാർതന്നെയായിരുന്നു. മംഗളോദയംവഴിക്കാണതു പുറത്തുവന്നതെന്നു മുമ്പേ സൂചിപ്പിച്ചിട്ടുണ്ടല്ലോ. കുഞ്ഞിക്കുട്ടൻതമ്പുരാൻ്റെ ചരിത്രഗവേഷണപടുതയെ പ്രകാശിപ്പിക്കുന്ന ഒരു കൃതിയാണു് ‘കേരളം.’ അതൊരു പദ്യകൃതിയാണെന്നുള്ള വസ്തുത ഇവിടെ വിസ്മരിച്ചിട്ടില്ല. അപ്പൻതമ്പുരാൻ്റെ ചരിത്രഗവേഷണത്തിൻ്റെ ചില മാതൃകൾ ‘മംഗളമാല’യിൽ നമുക്കു കാണാം. ‘ഭാഗവതം ഗദ്യം’, അപ്പൻതമ്പുരാൻ്റെ നേതൃത്വത്തിൽ നടത്തിവന്ന ‘പ്രാചീനഗ്രന്ഥമാല’യിലാണു് ആദ്യം പ്രസിദ്ധപ്പെടുത്തിത്തുടങ്ങിയതെന്ന വസ്തുതയും പ്രസ്താവയോഗ്യമാകുന്നു.