ചരിത്രവിജ്‌ഞാനീയം
പ്രാചീന മലയാളം: ചട്ടമ്പിസ്വാമികളുടെ കൃതിയാണു് പ്രാചീന മലയാളം. അൻപതു വർഷങ്ങൾക്കു മുമ്പു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രസ്തുത കൃതിയിൽ നായർ സമുദായത്തിൻ്റെ മഹത്ത്വത്തെയാണു് വിളംബരം ചെയ്യുന്നതു്. പീഠികയിൽ ഗ്രന്ഥകാരൻ പറയുന്നതുതന്നെ കേൾക്കുക.
“ഈ ഭൂമി വാസ്തവത്തിൽ മലയാളി നായന്മാരുടെ വകയാണെന്നും, നായന്മാർ ഉൽക്കൃഷ്ട കുലജാതന്മാരും നാടുവാഴികളുമായ ദ്രാവിഡന്മാരുമാണെന്നും, അവർ തങ്ങളുടെ ആർജ്ജവശീലവും ധർമ്മതല്പരതയും കൊണ്ടു് സ്വദേശ ബഹിഷ്കൃതന്മാരും പാഷണ്ഡമതഗാമികളുമായ ഒരുകൂട്ടം ബ്രാഹ്മണരുടെ വലയിൽ അകപ്പെട്ട് കാലാന്തരത്തിൽ കക്ഷിപിരിഞ്ഞു. ഇങ്ങനെ അകത്തും പുറത്തുമായി താഴ്‌മയിൽ കഴിഞ്ഞുപോരികയാണെന്നും ആണു് ഈ പുസ്തകം സ്ഥാപിക്കാൻ ഉദ്യമിക്കുന്നതു്.”
ദാനകാരണനിഷേധം: മലയാള ബ്രാഹ്മണരെ പരശുരാമൻ കൊണ്ടു വന്നിട്ടില്ല; പരശുരാമൻ മലയാളഭൂമിയെ ദാനം ചെയ്തിട്ടില്ല; മലയാളഭൂമി ഭാർഗവനുള്ളതല്ല; നായന്മാരുടെ സ്ഥാനമാനദാതാക്കൾ ഭാർഗ്ഗവനോ ബ്രാഹ്മണരോ അല്ല; നായന്മാരുടെ ഔൽകൃഷ്ട്യവും മലയാളഭൂമിക്കുള്ള അവരുടെ ഉടമസ്ഥാവകാശവും; നായന്മാരെപ്പറ്റി ചരിത്രകാലത്തിൽ വിദേശിയർക്കുണ്ടായിട്ടുള്ള അഭിപ്രായങ്ങൾ; ശൂദ്രശബ്ദം; ചാതുർവർണ്യം: ചാതുർവർണ്യാഭാസവും ബ്രാഹ്മണമതവും എന്നിങ്ങനെയുള്ള അദ്ധ്യായങ്ങളുടെ തലക്കെട്ടുകളിൽനിന്നുതന്നെ ഗ്രന്ഥത്തിൻ്റെ സ്വഭാവം ഏറെക്കുറെ മനസ്സിലാക്കാമല്ലോ. ഒരു അനുബന്ധവും അവസാനത്തിൽ ചേർത്തിട്ടുണ്ടു്. കേരള ചരിത്രകാരന്മാരെ ചിന്തിപ്പിക്കുവാൻ പോരുന്ന ഒരു കൃതിതന്നെയാണിതു്.
