ഗദ്യസാഹിത്യചരിത്രം. ഇരുപതാമദ്ധ്യായം

ചരിത്രവിജ്‌ഞാനീയം

കേരളസംസ്കാരം: സാഹിത്യകുശലൻ ടി. കെ. കൃഷ്ണമേനോൻ The Dravidian Culture and Diffusion എന്ന ശീർഷകത്തിൽ എഴുതിയിട്ടുള്ള ഒരു കൃതിയുടെ പരിഭാഷയാണിതു്. ദ്രാവിഡസംസ്ക്കാരം, മദ്ധ്യധരണി, പശ്ചിമേഷ്യ എന്നീ പ്രദേശങ്ങളിൽനിന്ന് ഇൻഡ്യയിൽക്കൂടി ഇൻഡോനേഷ്യൻ ദ്വീപുകൾവരെ പ്രചരിച്ചിരുന്നതായും, അതു ദക്ഷിണേന്ത്യയിൽനിന്നു ശാന്തസമുദ്രവും പോളിനേഷ്യൻദ്വീപുകളും കടന്ന് മദ്ധ്യഅമേരിക്കയിലെ മായകളുടെ ഇടയിലേക്ക് എത്തിയതായും പ്രസ്തുത കൃതിയിൽ വിവരിച്ചിരിക്കുന്നു. പുരാതന നാഗവർ​ഗ്ഗക്കാരുടെ ഏറ്റവും ശരിയായ പ്രതിനിധികൾ കേരളത്തിലെ നായന്മാരാണെന്നുള്ളതാണു് ഇതിൽ വിവരിക്കുന്ന മറ്റൊരു പ്രധാന വസ്തുത. കൃഷ്ണമേനോൻ, രമേശ ചന്ദ്രദത്തിത്തിൻ്റെ ‘പ്രാചീനാര്യാവർത്തം’ എന്ന കൃതി വിവർത്തനം ചെയ്തിട്ടുണ്ടെന്ന വസ്തുതകൂടി ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ.

ചരിത്രകേരളം: ഉത്തിഷ്ഠമാനനായ പി. എ. സെയ്തുമുഹമ്മദിൻ്റെ ഒരു കൃതിയാണു്’ ചരിത്രകേരളം, കേരള ചരിത്ര സംബന്ധമായ ഏഴു പ്രബന്ധങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. യഹൂദന്മാർ, ക്രിസ്ത്യാനികൾ, മുഹമ്മദീയർ എന്നിവർ കേരളക്കരയിൽ എത്തിയതോടുകൂടിയാണു് കേരളം വൈദേശികമായ സമ്പർക്കത്തിൽ സുശക്തമായിത്തീർന്നതെന്നും മറ്റുമുള്ള വസ്തുതകൾ, ‘കേരളം നൂറ്റാണ്ടുകളിലൂടെ’ എന്ന ഒന്നാമത്തെ പ്രബന്ധത്തിൽ വ്യക്തമാക്കുന്നു. ജൂതന്മാരും കേരളവും, സാമൂതിരിയുടെ കേരളം എന്നിങ്ങനെയുള്ളവയാണു് മറ്റു പ്രമേയങ്ങൾ. പുരാതന ചരിത്ര വിഷയങ്ങളെ സ്പർശിക്കുമ്പോൾ അധികവും കെട്ടുകഥകളും ഊഹാപോഹങ്ങളും, പാരമ്പര്യങ്ങളും മററും വലിച്ചിഴച്ചു കൊണ്ടുവന്നു ഓരോ ഉദ്ദേശങ്ങൾ സാധിക്കുകയാണല്ലൊ ഇന്നത്തെ പല ചരിത്രകാരന്മാരും ചെയ്തുകൊണ്ടിരിക്കുന്നതു്. എന്നാൽ ചരിത്രകേരളകർത്താവു് ശാസ്ത്രീയ മൂല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടു മുന്നോട്ടുപോകുവാൻ ശ്രമിച്ചിട്ടുള്ളതു അഭിനന്ദനീയമാണ്. സാഹിത്യപരിഷത്തിൻ്റെ നിർദ്ദേശാനുസരണം മദിരാശി ഗവണ്മെൻ്റെിൻ്റെ പാരിതോഷികത്തിനു് ഈ ഗ്രന്ഥം അർഹമായിത്തീർന്നിട്ടുണ്ടു്. കേരളചരിത്രവീക്ഷണം, സഞ്ചാരികൾകണ്ട കേരളം, കേരളം നൂറ്റാണ്ടുകൾക്കു മുമ്പു്, കേരളചരിത്രചിന്തകൾ ഇങ്ങനെ പല കൃതികളും പരിശ്രമശാലിയായ ഈ യുവാവിൽനിന്നു കൈരളിക്കു ലഭിച്ചിട്ടുണ്ട്.