ചരിത്രവിജ്‌ഞാനീയം
പെരുമ്പടപ്പുസ്വരൂപം ഗ്രന്ഥവരി: കേരളചരിത്രത്തെ പൊതുവെയും കൊച്ചിരാജ്യചരിത്രത്തെ പ്രത്യേകമായും പ്രകാശിപ്പിക്കുന്ന ഒട്ടേറെ പ്രാചീനരേഖകൾ കേരളീയരുടെ ഭാഗ്യാതിരേകംമൂലം കൊച്ചി സെൻട്രൽ റിക്കാർഡ് ആപ്പീസിൽ കേടുപാടുകൂടാതെ ഇന്നും സൂക്ഷിക്കപ്പെടുന്നുണ്ട്. അവയിൽ പലതുകൊണ്ടും പ്രാധാന്യമർഹിക്കുന്ന ഒരു രേഖയാണു ‘പെരുമ്പടപ്പു സ്വരൂപം വക ഗ്രന്ഥവരി.’ ചരിത്രപണ്ഡിതനും ഗവേഷകനുമായ വി. കെ. രഘുനന്ദനമേനോൻ്റെ (വി. കെ. ആർ. മേനോൻ) പരിശ്രമഫലമായിട്ടത്രെ ചെറുതെങ്കിലും വിലപിടിച്ച ഈ ഗ്രന്ഥം പുറത്തുവന്നതു്. 16-ാം നൂറ്റാണ്ടുമുതൽ അടുത്തകാലംവരെ കൊച്ചിയെ ഭരിച്ചിരുന്ന മഹാരാജാക്കന്മാരുടെ വംശാനുക്രമണികയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
കൊച്ചിയിലെ സ്ഥലനാമങ്ങൾ: സഹൃദയനും ഗവേഷകനുമായ കോമാട്ടിൽ അച്യുതമേനോൻ എഴുതിയിട്ടുള്ള ഒരു കൃതിയാണിത്. കൊച്ചിയിലെ വിവിധങ്ങളായ സ്ഥലനാമങ്ങളുടെ ആഗമവും അതുവഴിഗ്രഹിക്കാവുന്ന ചരിത്രശകലങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ഗവേഷണത്തിൽ അവഗാഹം സിദ്ധിച്ചവർക്കു മാത്രമേ ഇത്തരം ചരിത്രസ്ഫുരണങ്ങൾ വെളിച്ചത്തുകൊണ്ടുവരാൻ സാധിക്കൂ. ചിലർ അജ്ഞതകൊണ്ടും മറ്റു കാരണങ്ങളാലും ചില സ്ഥലനാമങ്ങളുടെ ആഗമങ്ങൾക്ക് അസംബന്ധങ്ങളായ കെട്ടുകഥകളും വ്യാഖ്യാനങ്ങളും കൂട്ടിച്ചേർക്കാറുണ്ട്. അത്തരം വൈകല്യങ്ങൾ ഇതിൽ ഇല്ലെന്നുള്ളതു സന്തോഷപ്രദമാണു്. മേനോൻ സൂചിപ്പിക്കുന്ന ചില പദങ്ങളുടെ ആഗമവിഷയത്തിൽ അഭിപ്രായാന്തരങ്ങളുണ്ടായെന്നുവരാം. അതു് ഇത്തരം കാര്യങ്ങളിൽ സ്വാഭാവികം മാത്രമാണ്.
