ചരിത്രവിജ്‌ഞാനീയം
തിരുവിതാംകൂർ ചരിത്രം: കൊല്ലവർഷം 989 മുതൽ 1058 വരെ ജീവിച്ചിരുന്ന വൈക്കത്തു പാച്ചുമൂത്തതിൻ്റെ കൃതിയാണ് മേല്പറഞ്ഞ ചരിത്രം. 1043-ലായിരുന്നു പ്രസ്തുത കൃതിയുടെ നിർമ്മാണം. അതിനു മുമ്പുള്ള യാതൊരു തിരുവിതാംകൂർ രാജ്യചരിത്രവും മലയാള ഭാഷയിൽ നമുക്കു കാണാൻ കഴിഞ്ഞിട്ടില്ല. ഗ്രന്ഥനിർമ്മാണകാലത്തു ചരിത്രകാരൻ തിരുവനന്തപുരം രാജധാനിയിലുള്ള വിദ്വൽസദസ്സിലെ ഒരംഗമായിരുന്നു. പാച്ചുമൂത്തതിൻ്റെ ഭാഷാകൃതികൾ പലതും ഉത്ഭവിച്ചിട്ടുള്ളതും ആ കാലഘട്ടത്തിൽത്തന്നെ. പ്രസ്തുത ചരിത്രഗ്രന്ഥം നിർമ്മിക്കുന്ന വിഷയം അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാളിൻ്റെ പ്രേരണകൂടി ഉണ്ടായിരുന്നു. ആയില്യംതിരുനാൾ ആയിടയ്ക്കു സ്വരാജ്യത്തിൽ ഏർപ്പെടുത്തിയ നാട്ടുഭാഷാവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ ഉദ്ദേശിച്ചുകൂടിയാണു് ഇതു നിർമ്മിച്ചിട്ടുള്ളതെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, “യോഗ്യന്മാരുടെ ചരിത്രങ്ങളെ അറിഞ്ഞുകൊണ്ടിരിക്കുന്നതു് ബാലന്മാർക്കു ക്രമേണ യോഗ്യത വർദ്ധിപ്പാൻ കാരണമാകുന്നു. അതുകൊണ്ടു വലിയ ആളുകൾ ജനങ്ങൾക്കു അനായാസേന അറിവിനു വേണ്ടി ഭൂമിയിൽ അനേകം പ്രദേശങ്ങളിൽ ഓരോ കാലങ്ങളിൽ ഉണ്ടായിട്ടുള്ള മഹത്തുക്കളെക്കുറിച്ചു ഓരോ പുസ്തകത്തിൽ വർണ്ണിച്ചിരിക്കുന്നു. എന്നാൽ തിരുവിതാംകൂർ മലയാളത്തിലേക്കു മുഖ്യമായിട്ടുള്ള ഒരു രാജ്യമാകുന്നു. അവിടത്തെ മഹാരാജാക്കന്മാർ പ്രായേണ വളരെ ധർമ്മനിഷ്ഠരായിട്ടും കീർത്തിമാന്മാരായിട്ടും ദയാലുക്കളായിട്ടും ശക്തന്മാരായിട്ടും മറ്റും അനേകം ഗുണങ്ങളോടുകൂടി സംഭവിച്ചിട്ടുണ്ട്” എന്നിങ്ങനെ പീഠികയിൽ പ്രസ്താവിക്കുന്ന ഭാഗം അതിനു് ഉപോദ്ബലകമായി തോന്നുന്നു. ആയില്യം തിരുനാൾവരെയുള്ള മഹാരാജാക്കന്മാരുടെ ചരിത്രമാണു് ഇതിലെ ഉള്ളടക്കം. ചരിത്ര വസ്തുതകളെ വിവരിക്കുന്നതിൽ ചില സൂക്ഷ്മക്കുറവുകൾ സംഭവിച്ചുപോയിട്ടുണ്ടെങ്കിലും കേരളചരിത്രത്തിലെ പ്രഥമകൃതി എന്ന നിലയ്ക്ക് ആവക ന്യൂനതകൾ അഗണ്യമായി കരുതേണ്ടതേ ഉള്ളു. പ്രസ്തുത കൃതിയുടെ നിർമ്മാണത്ത സംബന്ധിച്ച് ഗ്രന്ഥകാരൻ പീഠികയിൽ ഒരു ഭാഗത്തു പറയുന്നതു നോക്കുക:
“വംശചരിത്രം (തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ) ക്രമികമായിട്ട് എഴുതിട്ടുള്ള പുസ്തകം പ്രസിദ്ധപ്പെട്ടിട്ടില്ലായ്മകൊണ്ടു് ആ മഹാരാജാക്കന്മാരുടെ ചരിത്രത്തെ യഥാർത്ഥമായിട്ട് ജനങ്ങൾ അറിയുന്നതിനുവേണ്ടി പ്രയത്നപ്പെട്ട ഗ്രന്ഥവരി മുതലായ രേഖകളെക്കൊണ്ടും യഥാർത്ഥവാദികളായിരിക്കുന്ന വയോവൃദ്ധന്മാരുടെ വാക്കുകളെക്കൊണ്ടും പല വിവരങ്ങളും അറിഞ്ഞിട്ടുള്ളത് ഈ ചെറിയ പുസ്തകത്തിൽ എഴുതുന്നു.”
ഒരു പ്രസ്ഥാനം ആദ്യമായാരംഭിക്കുമ്പോൾ, എത്രതന്നെ അപൂർണ്ണമായിരുന്നാലും അതിൽ നേരിടുന്ന പ്രയാസങ്ങൾ എത്രയെന്നുള്ളതു് ഇതു കൊണ്ടു വിശദമാകുന്നുണ്ടല്ലോ. പാച്ചുമൂത്തതിൻ്റെ ചരിത്രം പുറപ്പെട്ട് അല്പകാലം കഴിഞ്ഞാണു് ദിവാൻ പേഷ്കാർ പി. ശങ്കുണ്ണിമേനോൻ്റെ പ്രസിദ്ധമായ ‘തിരുവിതാംകൂർ ചരിത്രം’ ഇംഗ്ലീഷിൽ പ്രസിദ്ധപ്പെടുത്തിയതു്. അതിൽ ഗ്രന്ഥകാരനു പാച്ചുമൂത്തതിൻ്റെ കൃതിയോടുള്ള കടപ്പാട് രേഖപ്പെടുത്തിക്കാണുന്നതിൽനിന്നു ഈ ലഘുകൃതിയുടെ പ്രാധാന്യം ഏറെക്കുറെ ഊഹിക്കാവുന്നതാണല്ലോ.
