തുള്ളൽ പ്രസ്ഥാനം
തുള്ളലിൻ്റെ ഉല്പത്തിക്കു ഹേതുവായി പറഞ്ഞുവരുന്ന ഐതിഹ്യത്തിൻ്റെ അസാംഗത്യം മേൽപ്രസ്താവിച്ച സംഗതികൾകൊണ്ടു് വിശദമായിരിക്കുമല്ലൊ. “ദക്ഷൻ ആക്ഷേപിച്ചതുകൊണ്ട് കോപിഷ്ഠനായ ശിവൻ ജട നിലത്തടിച്ചപ്പോൾ വീരഭദ്രൻ ചാടിവീണതുപോലെ ചാക്യാരാൽ അധിക്ഷിപ്തനായ നന്യാർ അമ്പലപ്പുഴെ എണ്ണ കളിത്തട്ടിൽ കയറിനിന്നപ്പോൾ തുള്ളലിനു വേണ്ടതായ സകല സാമഗ്രികളും വന്നുകൂടി” എന്നു നാം വിശ്വസിക്കുന്നതായാൽ അതു നമ്മുടെ അന്വേഷണശക്തിയുടെ ഉന്മേഷശൂന്യതയെ സമ്മതിക്കുന്ന ഒരു പരമാർത്ഥം മാത്രമേ ആയിരിക്കൂ. ഒരുപക്ഷെ, മാതലിയാൽ ചൊടിപ്പിക്കപ്പെട്ടതുകൊണ്ട്, അവിക്ലബനായിത്തീർന്ന ദുഷ്യന്തൻ, ഇന്ദ്രസന്ദേശം സ്വീകരിച്ച് ആർത്തശസ്ത്രനായി അരനിമിഷംപോലും താമസിക്കാതെ ദുർജയനെ ജയിക്കുവാൻ പുറപ്പെട്ടതുപോലെ, ചാക്യാരിൽനിന്നു അഭിഭവം സിദ്ധിച്ച അഭിമാനിയായ നമ്പ്യാർക്കു മേൽപ്രകാരമുള്ള ഒരു കവിതാപദ്ധതി വെട്ടിത്തുറക്കുവാൻ അതു ഒരുപ്രകാരത്തിലും പ്രേരകമായി ഭവിച്ചിട്ടില്ലെന്നും തീരെ പറഞ്ഞുകൂടാ. ചാക്യാരുമായി കലഹമുണ്ടായ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ തുള്ളൽ അഭിനയിക്കുവാൻ അന്നുമിന്നും അനുവാദമില്ലാതാണിരിക്കുന്നതു്. ചാക്യാരും നമ്പ്യാരുമായുണ്ടായ പ്രസ്തുത സംഘട്ടനത്തിൻ്റെ ഒരു പ്രത്യക്ഷ ഫലമാണതെന്നു ചിലർ അഭിപ്രായപ്പെടുന്നുമുണ്ടു് അന്നു ചാക്യാരുടെ പ്രേരണയാലും സ്വാധീന ശക്തിയാലും പ്രസ്തുത ക്ഷേത്രത്തിൽ തുള്ളൽ വിരോധിച്ചതുകൊണ്ടത്രെ തുള്ളലിനു തകഴിയിൽ ക്ഷേത്രം ഒരു പ്രധാന രംഗമായി തീർന്നതെന്നും അവർ വാദിക്കുന്നു. അതിനാൽ ഈ വാദം തീരെ അനാദരണീയമോ, അർത്ഥശൂന്യമോ ആയി തിരസ്കരിക്കാവുന്ന നിലയിലുമല്ല കാണപ്പെടുന്നതു്’. എന്തുകൊണ്ടെന്നാൽ,
