മഹാകവി കുഞ്ചൻ നമ്പ്യാർ. അദ്ധ്യായം 3

തുള്ളൽ പ്രസ്ഥാനം

കൊട്ടാരക്കര രാജാവും സാമൂതിരിപ്പാടും തമ്മിലുള്ള മത്സരത്തിൽനിന്നു് ആട്ടക്കഥാപ്രസ്ഥാനമുത്ഭവിച്ചു; ചാക്യാരും നമ്പ്യാരുമായുള്ള വഴക്കിൽനിന്നു തുള്ളൽക്കഥയുമുണ്ടായി. കലോപജീവികൾ കലഹോപജീവികളായിത്തീർന്നുവെങ്കിലും ഓരോ പുതിയ പ്രസ്ഥാനം ആവിർഭവിച്ചു. ഇതുപോലെ ഇനിയും ആർക്കെങ്കിലും വല്ല പക തോന്നിയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു! എത്ര എത്ര അഭിനവ പ്രസ്ഥാനങ്ങൾ, ഇന്നു ഭാഷാസാഹിത്യത്തിൽ ഉദയം ചെയ്യുമായിരുന്നു!! വാസ്തവത്തിൽ ഈ പുതിയ പ്രസ്ഥാന ത്തിൻ്റെ ഉല്പത്തിക്ക് ആവശ്യമായ സകല പരിതസ്ഥിതികളും വന്നുചേർന്നപ്പോൾ തുള്ളലും ഉണ്ടായി എന്നല്ലാതെ പാണിവാദനത്തിൽ സംഭവിച്ച തകരാറുമൂലം ഞൊടിയിടകൊണ്ടു് ഇങ്ങനെ ഒരു പ്രസ്ഥാനം പൊട്ടിപ്പുറപ്പെട്ടു എന്നു വിശ്വസിക്കുന്നത് തീരെ അബദ്ധമാണു്. സാഹിത്യ ചരിത്രത്തെപ്പറ്റി നമുക്കുള്ള അജ്ഞതയെ പ്രത്യക്ഷീകരിക്കുന്നതിനു മാത്രമേ ഇത്തരം ധാരണകൾ ഉപകരിക്കയുള്ളൂ. നമ്മുടെ മലയാള സാഹിത്യത്തിൽ അല്പകാലങ്ങൾക്കു മുമ്പു മഹാകാവ്യങ്ങൾക്കും, നോവലുകൾക്കും പ്രചുരപ്രചാരം സിദ്ധിച്ചിരുന്നല്ലൊ. എന്നാൽ അവയുടെ സ്ഥാനം ഇപ്പോൾ ഖണ്ഡകാവ്യങ്ങളും, ചെറുകഥകളുമാണു് കരസ്ഥമാക്കിയിരിക്കുന്നതെന്നു നമുക്കറിയാം. ഈ വ്യതിയാനത്തി നുള്ള കാരണമെന്ത്? മഹാകാവ്യകർത്താക്കളും ഖണ്ഡകാവ്യകർത്താക്കളും തമ്മിൽ വിരോധത്തിനു ഹേതുവായ ഏതെങ്കിലും സംഭവമുണ്ടായിട്ടുണ്ടോ? ഒരിക്കലുമില്ല. വിചാര ശീലന്മാരായ സാഹിത്യകാരന്മാർക്കു ലോകഗതിയെ അനുസരിക്കയും ആദരിക്കയും ചെയ്യേണ്ടിവരുന്നതുതന്നെയാണു്, ഇത്തരം വ്യതിയാനങ്ങൾക്കും കാരണമായിട്ടുള്ളത്.