മഹാകവി കുഞ്ചൻ നമ്പ്യാർ. അദ്ധ്യായം 3

തുള്ളൽ പ്രസ്ഥാനം

ഈ ദുർഘടാവസ്ഥ ആ പ്രസ്ഥാനത്തിൻ്റെ സാർവ്വത്രികമായ വിനോദ രസത്തെ കുറയ്ക്കുന്ന സംഗതിയാണല്ലൊ. അത്രമാത്രമോ, കൃത്രിമങ്ങളും ചവ്വിതചർവ്വണപ്രായങ്ങളുമായ അനേകം കാവ്യനിയമങ്ങളേയും, കവിസങ്കേതങ്ങളേയും ആട്ടക്കഥയിൽ അനുസരിക്കേണ്ടതുമുണ്ടു്. സ്വതേ സ്വതന്ത്രനും മനോധർമ്മചതുരനുമായ നമ്പ്യാർക്ക് ഈ കടിഞ്ഞാൺ പിടുത്തം അശേഷം സുഖപ്രദമായി തോന്നിയിരിക്കയില്ലെന്നുള്ളതു തീർച്ചയാണല്ലൊ. ഇനി, അക്കാ ലത്തെ മറെറാരു സാഹിത്യ പ്രസ്ഥാനം കിളിപ്പാട്ടാണു്. മഹാനായ എഴുത്തച്ഛന് ആ പ്രസ്ഥാനത്തിൽ സിദ്ധിച്ചിരുന്ന വിജയം നമ്പ്യാർക്കു് ഏറക്കുറെ ഗ്രഹിക്കുവാൻ കഴിഞ്ഞിരുന്നു. അതിനാൽ ആ വഴിക്കു് ഒരിക്കലും തനിക്കു എഴുത്തച്ഛനെ ജയിക്കുവാൻ എന്നല്ല, സമീപിക്കുവാൻപോലും കഴിയുമെന്നു നമ്പ്യാർക്കു വിശ്വാസമുണ്ടായിരുന്നതുമില്ല. ആ പ്രസ്ഥാനത്തിൽ അദ്ദേഹം ചില കൃതികൾ വിരചിച്ചു പിൻവാങ്ങിയതിൻ്റെ രഹസ്യവും അതായിരുന്നു. എന്നുതന്നെയുമല്ല, പ്രത്യക്ഷമായ അഭിനയത്തിനും, തദ്ധ്വാരാ സിദ്ധിക്കേണ്ട അനുഭവരസത്തിനും, കിളിപ്പാട്ടുകൾ പര്യാപ്തങ്ങളുമല്ലല്ലൊ. ഈ നിലയിൽ അന്നു പ്രചാരത്തിൽ ഇരുന്ന പ്രസിദ്ധ പ്രസ്ഥാനങ്ങൾക്കുള്ള ദോഷങ്ങളെ കഴിയുന്നത്ര പരിഹരിക്കുന്നതും, ഗുണങ്ങളെ ഒട്ടുമുക്കാലും പരിഗ്രഹിക്കുന്നതുമായ ഒരു അഭിനവ പ്രസ്ഥാനം ആവിർഭവിപ്പിക്കേണ്ടതായ ആവശ്യം അപരിത്യാജ്യമായി വന്നുകൂടി. ബദ്ധിമാന്മാരും, കർമ്മധീരന്മാരുമായ ആളുകൾ തങ്ങളെ ആവരണം ചെയ്യുന്ന വിഷമങ്ങളെ എങ്ങനെ തരണം ചെയ്യുന്നു എന്നുള്ളതിനു് നമ്പ്യാരുടെ ചരിത്രം ഒരുത്തമ നിദർശനമാകുന്നു. വിനോദ രസത്തിനു ധാരാളം വകയുള്ളതും ജന സാമാന്യത്തെ കൂടുതൽ ആകർഷിക്കുവാൻ കഴിവുള്ളതുമായ ഒരു പ്രസ്ഥാനം കൂത്തിനോടു സാദൃശ്യമുള്ള ഏതെങ്കിലും ഒന്നായിരിക്കണമെന്ന് ബുദ്ധിമാനായ നമ്പ്യാർ മനസ്സിലാക്കാതിരുന്നില്ല. ഫലിതത്തിനും പരിഹാസത്തിനും കൂത്തിലുള്ള സ്ഥാനം അനിതര സാധാരണമാണല്ലൊ. ഈ നിലയിൽ ജനങ്ങളുടെ രുചിക്കും, തൻ്റെ സഹജമായ വിനോദശീലത്തിനും ഉചിതമായ ഒരു നവീന പ്രസ്ഥാനം സൃഷ്ടിക്കണമെന്നുതന്നെ നമ്പ്യാർ തീർച്ചയാക്കി. അതിൻ്റെ ഫലമായിട്ടാണു് തുള്ളൽക്കഥ ഉത്ഭവിക്കുവാൻ ഇടയായിട്ടുള്ളത്.