മഹാകവി കുഞ്ചൻ നമ്പ്യാർ. അദ്ധ്യായം 3

തുള്ളൽ പ്രസ്ഥാനം

ഓട്ടനേക്കാൾ അല്പം ഇഴഞ്ഞുചൊല്ലുന്നതാണു ശീതങ്കൻ രീതി. കാകളി, കളകാഞ്ചി മുതലായ കിളിപ്പാട്ടുകളെ അധികം ആലാപംകൂടാതെ ഒന്നു മുറുക്കിച്ചൊല്ലിയാൽ ശീതങ്കൻ രീതിയാകും. ‘കൃശമദ്ധ്യ’ എന്ന വൃത്തത്തിനാണു് ഇതിൽ പ്രാധാന്യം. അച്ചടിച്ചിട്ടുള്ള തുള്ളലുകളിൽ ഏകദേശം പതിനാറെണ്ണത്തോളം ശീതങ്കൻ രീതിയിൽ ഉള്ളവയായി കാണപ്പെടുന്നു.

സംസ്കൃതത്തിലെ അനുഷ്ടുപ്പു വൃത്തത്തെത്തന്നെ കേരളീയ രുചിക്കൊത്ത താളരീതിയനുസരിച്ചു ചൊല്ലുന്നതാണു്, പറയൻ രീതിയുടെ സ്വഭാവം. ശീതങ്കനേക്കാളും പതിഞ്ഞ ഒരു രീതിയിലാണ് ഇതു ചൊല്ലേണ്ടതു്. ശീതങ്കനിലും ഓട്ടനിലും ഉള്ള വൃത്തങ്ങൾക്കുപുറമെ സംസ്കൃതത്തിലെ ‘മല്ലികാവൃത്തം’ മാത്രമേ വിശേഷവിധിയായി ഇതിൽ ഉപയോഗിച്ചിട്ടുള്ളവെന്നു കേരളപാണിനി അഭിപ്രായപ്പെട്ടുകാണുന്നു. മുൻ പറഞ്ഞ രണ്ടുതരം തുള്ളലുകളേക്കാളും കുറവായിട്ടേ പറയൻ തുള്ളലുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളു.