തുള്ളൽ പ്രസ്ഥാനം
“തകഴി ശാസ്താംക്ഷേത്രത്തിലെ ‘പടയണി’ എന്ന അടിയന്തരത്തിൽ ഓരോ വേഷക്കാർ പുറപ്പെടുമ്പോൾ ചൊല്ലുവാനായി ആദ്യം ഉദ്ദേശിച്ചിരുന്ന തുള്ളൽപ്പാട്ടുകൾ കാലക്രമേണ മലയാളത്തിലെ ഒരു മുഖ്യവിനോദമായിത്തീർന്നു. പന്ത്രണ്ടു ദിവസം നിലനില്ക്കുന്ന ഈ അടിയന്തരക്കാ ലത്തുണ്ടാകുന്ന കളികളിൽ പറയൻ, ശീതങ്കൻ, ചോവൻ, പരദേശി എന്നിങ്ങനെ പല വേഷങ്ങളും പുറപ്പെടുന്നു. ശീതങ്കൻ്റെ കുരുത്തോലയും ഗാനരീതിയും അതിലും കാണുന്നുണ്ടു്. ശീതങ്കൻ തുള്ളൽ, പറയൻതുള്ളൽ എന്നൊ ക്കെയാണു് അതിനും പറയുക. ഈ പടേണിക്കു തുള്ളുവാൻ വേണ്ടി ഉണ്ടാക്കിക്കൊടുത്ത പേക്കഥകളാണു് പിന്നീടു തുള്ളലായി രൂപാന്തരപ്പെട്ടതു്.
‘ഭടജനങ്ങടെയിടയിലുള്ളൊരു പടയണിക്കിഹചേരുവാൻ വടിവിയന്നൊരു ചാരുകേരളഭാഷതന്നെ ചിതംവരൂ’
എന്നു നമ്പ്യാർ സഭാപ്രവേശംതുള്ളലിൽ പറഞ്ഞിരിക്കുന്നതും ഈ പടയണി അടിയന്തരത്തെക്കുറിച്ചാണെന്നുള്ളതിനു സംശയമൊന്നുമില്ല. വെറും സേനാപംക്തിയെന്നേ ഉദ്ദേശിച്ചിരുന്നുള്ളുവെങ്കിൽ ‘ഭടജനങ്ങൾ’ എന്നും ‘പടയണി’ എന്നുമുള്ള പുനരുക്തി ആവശ്യമുണ്ടാകുമായിരുന്നോ? നമ്പ്യാരുടെ തുള്ളലുകളിലുള്ള പേക്കഥകൾ മാററിവെച്ചാലും കഥാഗതിക്കു യാതൊരു ഹാനിയും സംഭവിക്കുന്നത ല്ലെന്നുള്ളതും സ്മരണീയമാണു്. അതുകൊണ്ടു് ഈ പേക്കഥകൾ മാത്രം ആദ്യം ഉണ്ടാക്കിയെന്നും, പിന്നീട് ഓരോ കഥയിലും അതു യോജിപ്പിച്ചുവെന്നും, ഈ പ്രസ്ഥാനത്തിൻ്റെ പ്രചാരത്തോടുകൂടി അതിനു ക്ഷേത്രത്തിലേയ്ക്കും പ്രവേശം സിദ്ധിച്ചുവെന്നും വിചാരിക്കുവാനാണു് ന്യായം.* (1112-ൽ എറണാകുളം രാജകീയ മഹാപാഠശാലയിൽവച്ചു ചെയ്ത് ചാത്തുപ്പണിക്കർസ്മാരക പ്രസംഗത്തിൽനിന്നു്.)
