തുള്ളൽ പ്രസ്ഥാനം
“കഥയിൽ സംഗതിചേർത്ത്
കഥിക്കുമ്പോളതിൽക്കൂടെ
കഥിക്കേണ്ടിവരും കൂത്ത്-
കവികളും ചില ദിക്കിൽ”
“കഥകളിലിങ്ങനെ പലതും പറയും
അതു കൊണ്ടാർക്കും പരിഭവമരുതെ”
എന്നിങ്ങനെ തുള്ളലുകളിൽ ചിലെടുത്തു പ്രസ്താവിച്ചുകാണുന്നതു നമ്പ്യാരുടെ വിരോധി സംഘമായി ഗണിക്കാവുന്ന ചാക്യാരെയും അനുയായികളെയും ഉദ്ദേശിച്ചുകൂടിയായിരിക്കില്ലെ’ എന്നുള്ള ഒരനുമാനം മേൽപ്രസ്താവിച്ച അഭിപ്രായത്തിനു് ഉപോൽബലകമായും തീരുന്നു. ആകയാൽ തുള്ളൽക്കഥകളുടെ ഉല്പത്തിക്കു ഹേതുവായി പറഞ്ഞുവരുന്ന ഐതിഹ്യം തീരെ നിരാസ്പദമെന്നു കരുതുവാൻ ഈ എഴുത്തുകാരനും ധൈര്യം തോന്നുന്നില്ല. പക്ഷെ, അതിൽ ഘോഷിക്കുന്നതുപോലെ തുള്ളൽ ഒരു ഞൊടിയിടകൊണ്ടു് ഉണ്ടായതല്ലെന്നും നേരേമറിച്ച്, നമ്പ്യാരുടെ പ്രയത്നവും പ്രതിഭയും ഒന്നുപോലെ സമ്മേളിച്ചതിൻ്റെ ഫലമായി നമുക്കു ലഭിച്ച ഒരു പ്രസിദ്ധ നൃത്യകലാപ്രസ്ഥാനമാണതെന്നും നാം പ്രത്യേകം സ്മരിച്ചിരിക്കേണ്ടതാണ്. ഇപ്രകാരം ദൃശ്യ ശ്രവ്യ കാവ്യ ലക്ഷണങ്ങളോടുകൂടിയ ഒരു അഭിനവകലാവിദ്യയെ ആവിർഭവിപ്പിച്ചു്, തന്നെ വലയം ചെയ്തിരുന്ന പ്രതിബന്ധങ്ങളെ സധീരം തരണംചെയ്തു്, അദ്ദേഹം ഉന്നതിയും, കേരളീയരുടെ ശാശ്വതമായ സമാദരവും നേടി. ഇതിലാണു് നമ്പ്യാരുടെ സഹത്വം സ്ഥിതിചെയ്യുന്നതെന്നുള്ളതും ഈ അവസരത്തിൽ പ്രത്യേകം പ്രസ്താവയോഗ്യമാകുന്നു.
