മഹാകവി കുഞ്ചൻ നമ്പ്യാർ. അദ്ധ്യായം 3

തുള്ളൽ പ്രസ്ഥാനം

വിഭാഗങ്ങൾ

തുള്ളൽ കൃതികളെ ഓട്ടൻ, ശീതങ്കൻ, പറയൻ എന്നു മൂന്നുവിധമായിട്ടാണു് തരം തിരിച്ചിരിക്കുന്നതു്. പ്രസിദ്ധപ്പെടുത്തിയിട്ടുള്ള കൃതികളിൽ ഭൂരിഭാഗവും (ഏകദേശം 30 എണ്ണവും) ഓട്ടൻജാതിയിൽ ഉൾപ്പെട്ടവയാണു്. ഗാനങ്ങളെ വളരെ ധൃതഗതിയായി തുടരെത്തുടരെ ഉച്ചരിക്കുന്നതാണു് ഓട്ടൻതുള്ളലിൻ്റെ രീതി. മാത്രാനിയമമേ തുള്ളൽ പാട്ടുകളിൽ ഉള്ളൂ. ലഘുവിനെ പാടുമ്പോൾ ഇച് ഛപോലെ നീട്ടിചൊല്ലുകയും ചെയ്യാം.

‘ദ്വിമാത്രം ഗണട്ടെണ്ണം യതിമദ്ധ്യം തരംഗിണി’

എന്ന ലക്ഷണപ്രകാരമുള്ള തരംഗിണീവൃത്തമാണു് ഓട്ടനിൽ മുഖ്യമായി പ്രയോഗിച്ചിട്ടുള്ളത്. അർദ്ധകേക, ശിതാഗ്ര, ഹംസപ്ളുതം, മദമന്ഥര മുതലായ വൃത്തങ്ങളും ഇതിൽ ഉപയോഗിച്ചുകാണുന്നുണ്ടു്. രീതിവൈചിത്ര്യത്തിനുവേണ്ടിയാണു്. ഇങ്ങനെ പല വൃത്തങ്ങൾ ഒന്നിൽത്തന്നെ സ്വീകരിച്ചിട്ടുള്ളതെന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലൊ. ഓട്ടൻ, ശീതങ്കൻ, പറയൻ എന്ന മൂന്നുവിധം തുള്ളലുകൾക്കും വൃത്തങ്ങൾ വെവ്വേറെആണെങ്കിലും ചിലതു് എല്ലാറ്റിലും സാധാരണമായിട്ടു തന്നെ കണ്ടുവരുന്നു.