പദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ഒറ്റശ്ളോകങ്ങൾ

സൗന്ദര്യത്തിൻ്റെ മാദകമായ ലഹരിയിൽ കൂത്താടുകയാണവർ. പക്ഷേ, എന്തുവേണ്ടൂ, അവരുടെ ഭാവനാവിലാസത്തിനും സരസ്വതീ പ്രസാദചാതുരിക്കും സരസതയ്ക്കും അകലെനിന്നുകൊണ്ടായാലും അനുവാചകർ ‘നമോവാകം നമോവാകമേ’ എന്നു പറഞ്ഞുപോകുകതന്നെ ചെയ്യും. പങ്ങുനിമലയ്ക്കടുത്തുള്ള ഒരു മാൻമിഴിയാളെ, ഒരു കവി വർണ്ണിക്കുകയാണ്:

വിൽപോലേ പുരികം, വിലാസി ജഘനം
തേർത്തട്ടുപോലെ മനം
കൽപോലേ കനകോജ്ജ്വലം നിറമെടോ,
പൂന്തൊത്തു പോലേ മുല,
വേൽപോലേ നയനങ്ങൾ, വെൺമുറുവ(1)ലോ
മുല്ലപ്രസൂനോപമം,
പാൽപോലേ പടവാർത്ത(2), പങ്ങുനിമല-
ച്ചാരെത്തൊരേണീദൃശഃ
(ലീലാതിലകം)

വേറൊരു കവി, ഉണ്ണിനങ്ങ എന്ന ഒരു നായികയുടെ ക്രമോത്തരമായ രതിക്രീഡയെ വർണ്ണിക്കുന്നു.

പുല്കിക്കൊണ്ടാളുറക്കെ,പ്പുനരപി മണിവാ
നല്കിനാൾ മെല്ലെമെല്ല-
ക്കാമക്കൂത്തിന്നണഞ്ഞാൾ, മദനപരവശാ
കാന്ത കൈ മൈ മറന്നാൾ,
വീർത്താളൊട്ടേ വിയർത്താൾ വിവശമരുതേദം-
യെന്നെവീയെന്നിരന്നാ-
ളെന്മാർവിൽപോന്നു വീണ്ണപ്പുരികുഴലകമേ
മാഴ്കിനാളുണ്ണിനങ്ങ. (ലീലാതിലകം)