പദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ഒറ്റശ്ളോകങ്ങൾ

ഒരുദിവസം വാസസ്ഥലത്തിനു സമീപമുള്ള ചാലിയാറു കടക്കുവാൻ സഭാര്യനായി നമ്പൂരി ചെന്ന സമയം, കാറ്റും ഓളവും അതിൽ വളരെ വർദ്ധിച്ചിരുന്നു. തത്സമയം കവി,

അംഭോരാശികുടുംബിനീതിലകമേ! നൽച്ചാലിയാറേ! തൊഴാ-
മൻപെന്നെപ്രതി കൈവരേണമതിനായ് ഞാനൊന്നു സംപ്രാർത്ഥയേ
അംഭോജാക്ഷികൾമൗലിയാമിവൾ മണിപ്പോതം കടപ്പോളവും
ഗംഭീരാരവമോളവും ചുഴികളും കാറ്റും കുറച്ചീടണം.

എന്ന പദ്യം നിർമ്മിച്ചു ചൊല്ലുകയും, ഉടനെ നദിയിലെ പിശറുകൾ പ്രശാന്തമായിത്തീരുകയും ചെയ്തുവത്രെ. ഈ കവിതന്നെ വേലിയിൽ പടർന്നുകിടന്നിരുന്ന കയ്പ പറിച്ചെടുത്ത അവസരത്തിൽ ചൊല്ലിയ ഒരു ശ്ലോകമാണിതു്:

പാടത്തിൻകരെ നീളെ നീലനിറമായ്
വേലിക്കൊരാഘോഷമാ-
യാടിത്തൂങ്ങിയലഞ്ഞുലഞ്ഞു സുകൃതം
കൈക്കൊണ്ടിരിക്കും വിധൗ
പാരാതേ വരികെൻ്റെ കയ്യിലധുനാ
പീയൂഷഡംഭത്തെയും
ഭേദിച്ചങ്ങനെ കയ്പവല്ലി തരസാ
പെറ്റുള്ള പൈതങ്ങളേ!