പലതരം പാട്ടുകൾ
വിശുദ്ധനായ ഭവാൻ്റെ ഭവപീഡ തീർന്നുപോമീ-
വശക്കേടു ശമിക്കുമ്പോഴതിനെന്തുള്ളൂ?
‘പൊതി’യിങ്ങോട്ടു തന്നാലും ലജ്ജിക്കേണ്ട, ഗോപിമാരും
കൊതിയനെന്നിജ്ജനത്തെപ്പറവൂ ഞായം
ഇതി യദുപതി മുദാ സതതമിരന്നു സതാം–
ഗതിയതു കൈക്കലാക്കീട്ടഴിച്ചുകൊണ്ട്
കല്ലും നെല്ലുമെല്ലാമവലെന്നുവച്ചിട്ടൊരുപിടി
നല്ലവണ്ണം വാരി വേഗം വയറ്റിലാക്കി.
ഇതുപോലെ അമൃതനിഷ്യന്ദിയായ ഭാഗങ്ങൾ പലതും ഉദ്ധരിക്കത്തക്കവയായുണ്ട്. വാര്യരുടെ വർണ്ണനാപാടവവും വാസനാവൈഭവവും ഈ ചെറുകാവ്യത്തിൽ അടി മുതൽ മുടിവരെ നിറഞ്ഞുവിലസുന്നു എന്നുതന്നെ പറയാം.
കിരാതം, നളചരിതം, വ്യാസോൽപ്പത്തി മുതലായ ചില വഞ്ചിപ്പാട്ടുകളും ഈയവസരത്തിൽ പ്രസ്താവയോഗ്യങ്ങളത്രെ.
