പലതരം പാട്ടുകൾ
സംഘക്കളിയുടെ പ്രചാരം ഇന്നു കുറഞ്ഞിരിക്കയാണു്. എങ്കിലും അതിലെ ഫലിതവും പരിഹാസവും നിറഞ്ഞ അനേകം പാട്ടുകൾ ആരേയും രസിപ്പിക്കുന്നവതന്നെ. ”കോപ്പിട്ട പെണ്ണിൻ്റെ കോമളം കണ്ടിട്ടു – കോൾമയിർക്കൊള്ളുന്നു മാലോകരേ” എന്നു തുടങ്ങിയവ ഒന്നാംതരം ഹാസ്യങ്ങളാണ്. കളിയിൽ വിഡ്ഢി പുറപ്പാട് എന്നൊരു ചടങ്ങുണ്ട്. അപ്പോൾ ചൊല്ലുന്ന ‘മഞ്ഞപ്പാട്ടു’ നോക്കുക:
മഞ്ഞക്കാട്ടിൽ പോയാൽ – പ്പിന്നെ മഞ്ഞക്കിളിയെപ്പിടിക്കാലോ
മഞ്ഞക്കിളിയെപ്പിടിച്ചാൽ – പ്പിന്നെ – ച്ചപ്പും ചവറും പറിക്കാലോ
ചപ്പും ചവറും പറിച്ചാൽ – പ്പിന്നെ – ഉപ്പും മുളകും തിരുമ്മാലോ
ഉപ്പും മുളകും തിരുമ്യാൽ – പ്പിന്നെ – ച്ചട്ടീലിട്ടു പൊരിക്കാലോ
ചട്ടീലിട്ടു പൊരിച്ചാൽ – പ്പിന്നെ – പ്പച്ചെലവാട്ടിപ്പൊതിയാലോ
പച്ചെലവാട്ടിപ്പൊതിഞ്ഞാൽ – പ്പിന്നെ – ത്തണ്ടാൻപടിക്കൽ ചെല്ലാലോ
തണ്ടാൻപടിക്കൽച്ചെന്നാൽ – പ്പിന്നെ – ക്കള്ളാലിത്തിരി മോന്താലോ
കള്ളാലിത്തിരി മോന്ത്യാൽ – പ്പിന്നെ – അമ്മേം പെങ്ങളേം തല്ലാലോ
അമ്മേം പെങ്ങളേം തല്യാൽ – പ്പിന്നെ – കാലും കെണച്ചങ്ങു നില്ക്കാലോ
കാലും കെണച്ചങ്ങു നിന്നാൽ – പ്പിന്നെ – ക്കാര്യം കൊണ്ടിത്തിരി പറയാലോ
കാര്യം കൊണ്ടിത്തിരി പറഞ്ഞാൽ – പ്പിന്നെ – ക്കഴുമ്മേൽക്കിടന്നാടാലോ.
നേരംപോക്കു നിറഞ്ഞ ഇത്തരം പാട്ടുകൾ ആരെയും രസിപ്പിക്കുവാൻ പോരുന്നവതന്നെ.
