പദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

പലതരം പാട്ടുകൾ

കവിത: ഭാഗവതപ്രസിദ്ധനായ കുചേലബ്രാഹ്മണൻ്റെ വൃത്താന്തമാണു് ഇതിൽ നിബന്ധിച്ചിട്ടുള്ളത്. സരളമധുരമായ പ്രതിപാദനം കൊണ്ട് പ്രസ്തുത കൃതി ആപാദചൂഡം മനോഹരമായിരിക്കുന്നു കുചേലൻ്റെ പത്നി തൻ്റെ ക്ലേശങ്ങളെ ഭർത്താവിനെ ഗ്രഹിപ്പിക്കുന്നതു്, കുചേലൻ അതിനു നല്കുന്ന മറുപടി, ദ്വാരകയിലേക്കുള്ള കുചേലൻ്റെ യാത്ര, വഴിക്കുള്ള ചിന്താഗതി, ദ്വാരകാപുരി, തിരുമുൽക്കാഴ്ചയായി കൊണ്ടുചെന്ന അവൽ ഭഗവാൻ വാങ്ങി ഭക്ഷിക്കുന്നതു് ഇത്യാദി ഭാഗങ്ങൾ ആസ്വദിച്ചുതന്നെ അറിയേണ്ടവയാണ്: വിവിധമനോരഥങ്ങളിൽ കയറി യാത്രാക്ഷീണം തെല്ലുമറിയാതെ കുചേലൻ ദ്വാരകാപുരിക്കടുത്തെത്തുന്നു. അപ്പോൾ,

പട്ടിണികൊണ്ടു മെലിഞ്ഞ പണ്ഡിതനു കുശസ്ഥലീ-
പട്ടണം കണ്ടപ്പൊഴെ വിശപ്പും ദാഹവും
പെട്ടെന്നകന്നുവെന്നല്ല ഭക്തികൊണ്ടെന്നിയേ പണി-
പ്പെട്ടാലുമൊഴിയാത്ത ഭവാർത്തിയും തീർന്നു.
രാമാനുജാഞ്ചിതരാജധാനി സല്ക്കരിച്ചേകിയ
രോമാഞ്ചക്കുപ്പായമീറനായി ചെഞ്ച‌മ്മേ
സീമാതീതാനന്ദാശ്രുവിൽ കുളിക്കകൊണ്ടു കുചേല-
ചോമാതിരിക്കതു ചുമടായിച്ചമഞ്ഞു
ഭക്തിയായ കാറ്റ് കൈക്കണക്കിലേറ്റു പെരുകിയ
ഭാഗ്യപാരാവാരഭംഗപരമ്പരയാ
ശക്തിയോടുകൂടി വന്നു മാറിമാറിയെടുത്തിട്ടു
ശാർങ്ഗിയുടെ പുരദ്വാരം പൂകിക്കപ്പെട്ടു.

പ്രസ്തുത വർണ്ണന എത്രകണ്ടു രസപ്രദവും അലങ്കാരസുന്ദരവുമായിരിക്കുന്നുവെന്നു നോക്കുക. ദ്വാരകാപുരി കുചേലനു രോമാഞ്ചമാകുന്ന ഒരു കുപ്പായം സല്ക്കരിച്ചു നല്കി. അമിതമായ ആനന്ദബാഷ്പം പൊഴിഞ്ഞു കുപ്പായം ഈറനായതോടുകൂടി, കുചേലനു അതു വലിയ ഭാരമായിത്തീർന്നു. അപ്പോളെന്തത്ഭുതം! ഭക്തിയാകുന്ന കാറ്റുവീശി; ഭാഗ്യമാകുന്ന സമുദ്രം ഇളകിമറിഞ്ഞുണ്ടായ കല്ലോലപരമ്പര മാറി മാറി എടുത്തു കുപ്പായച്ചുമടു വഹിക്കുന്ന കുചേലനെ ദ്വാരകാപുരിയിലേക്കു പ്രവേശിപ്പിച്ചു. പോരെ? കുചേലൻ ദ്വാരക കണ്ടപ്പോൾ കോൾമയിർക്കൊള്ളുകയും. ആനന്ദാശ്രുക്കൾ പൊഴിക്കയും ചെയ്തു എന്നുള്ളതാണ് പ്രതിപാദ്യം. എന്നാൽ വാരിയരുടെ അലങ്കാരപ്രയോഗത്തിൽ അതു് എത്രകണ്ടു ഹൃദ്യവും സുന്ദരവുമായിത്തീർന്നിരിക്കുന്നു!