പദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

പലതരം പാട്ടുകൾ

ബാലകാണ്ഡത്തിലെ ഒന്നാമത്തെ വിരുത്തത്തിലെ ഒരു ഭാഗമാണിത്. എട്ടാം വിരുത്തത്തിനെ തുടർന്നുള്ള പാട്ടിലെ ഒരു ഭാഗം താഴെ ഉദ്ധരിക്കുന്നു. വസിഷ്ഠൻ്റെ ഉപദേശത്താൽ ദശരഥൻ ശ്രീരാമനെ വിശ്വാമിത്രൻ്റെകൂടെ അയയ്ക്കുന്നതാണു് സന്ദർഭം:

അനത്തുലോകവും മുടിത്തിടും മുന്നേ കൊടുത്തിടു ശ്രീരാമനെ
അരചനേയെൻറു വസിഷ്ഠൻ കൂറിട രാമനെയുമിലക്കണനെയും
ചിനത്തെ മാറ്റിത്താൻ കൊടുത്തു കുമ്പിട്ടതരചൻ നമസ്കരിത്തുടൻ
ജയിക്ക വിശ്വാമിത്തിരരും വാങ്കിത്തെളിന്തെല്ലാരോടും മകിഴ്‌ന്തുതേ
മകിഴ്ന്തു രാമനും തമ്പിയുമന്നയർ വസിഷ്ഠൻ പാതവും വണങ്കിയേ
മറ്റവരംകുമിംകും തൊഴവേ മകിപതിതന്നെപ്പോറ്റിനർ
സുകംപെട മുനി മകിഴ്‌ന്തെല്ലാരോടും തെളിന്തെഴുന്തരുളീടിനാൻ
ശൂരവീരൻ ചിലയും വാങ്കിത്തുടന്തു കൂട നടന്തുതേ.

കുചേലവൃത്തം: കേരളത്തിൽ വളരെ പുരാതനകാലം മുതല്ക്കുതന്നെ വഞ്ചിപ്പാട്ടുകൾ ഉത്ഭവിച്ചിട്ടുണ്ട്. അത്തരം പാട്ടുകൾക്കു വളരെയധികം പ്രാധാന്യവും പ്രചാരവും സിദ്ധിച്ചിരിക്കാനുമിടയുണ്ട്. ജീവിതസഞ്ചാരത്തിൽ കേരളീയർക്ക് വള്ളം ഒരുകാലത്തു് അനുപേക്ഷണീയമായ ഒരുപകരണമായിത്തീർന്നിരുന്നതാണ് അതിനു കാരണം. നിരവധി വള്ളപ്പാട്ടുകൾ പണ്ടേമുതൽ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ടെങ്കിലും അവയിൽ പലതും നഷ്ടപ്രായങ്ങളോ, സാഹിത്യഗുണം കുറഞ്ഞവയോ ആകുന്നു. സാഹിത്യഗുണംകൊണ്ട് ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു പ്രാചീനകൃതിയാണ് കുചേലവൃത്തം വഞ്ചിപ്പാട്ട്.