പദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

പലതരം പാട്ടുകൾ

യുദ്ധകാണ്ഡാവസാനംവരെയുള്ള ഭാഗങ്ങളാണു രാമകഥപ്പാട്ടിൽ ഉള്ളത്. ഓരോ കാണ്ഡവും വിരുത്തം, പാട്ടു്, പിന്നെയും അതേമാതിരി നിബന്ധനം ഈ സമ്പ്രദായത്തിലാണു നിർമ്മിച്ചിട്ടുള്ളതു്. പ്രസിദ്ധപ്പെടുത്തിയിട്ടുള്ള കൃതിയിൽ 3163 ശീലുകളും 30000 ത്തോളം വരികളും 279 വൃത്തങ്ങളുമടങ്ങിയിരിക്കുന്നു. മലയാള കാവ്യ വൃത്തങ്ങളുടെ കലവറ എന്നു പറയാവുന്ന രീതിയിൽ അനവധി ദ്രാവിഡവൃത്തങ്ങൾ ഇതിൽ കൈകാര്യം ചെയ്തിട്ടുണ്ട്. അതിൻ്റെ സംഗീതാത്മകത പ്രത്യേകം ശ്രദ്ധേയമാണ്. ഇന്നു മലയാളത്തിൽ കാണുന്ന ദ്രാവിഡവൃത്തങ്ങളിൽ പലതിൻ്റെയും മാതൃകകൾ അതിലുണ്ടെന്നു ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് ഏതാനും മാസങ്ങൾക്കുമുമ്പു് സന്ദർഭവശാൽ ഡോ. പി. കെ. ഈ എഴുത്തുകാരനോടു പറയുകയുണ്ടായി. ചില ഭാഗങ്ങൾ പാടിക്കേൾപ്പിച്ചു് കുഞ്ചൻനമ്പ്യാരുടെ ശൈലിക്കും രാമകഥപ്പാട്ടിനും തമ്മിലുള്ള സാദൃശ്യങ്ങളും അദ്ദേഹം വിവരിക്കയും ചെയ്തപ്പോൾ അതു തലകലുക്കി സമ്മതിക്കുകയാണ് ലേഖകൻ ചെയ്തതു്. അത്രമാത്രം സാജാത്യ സാമീപ്യ സാരൂപ്യങ്ങൾ ആ ശൈലികൾക്കു തമ്മിൽ തോന്നുകയുണ്ടായി.

‘സാമൂഹ്യജീവിതത്തിൻ്റെയും ജനകീയാചാരങ്ങളുടേയും നിഴൽച്ചിത്രങ്ങൾ നിറഞ്ഞുനില്ക്കുന്ന നാടകീയമായ ഒരു ഗാഥാകാവ്യമെന്ന നിലയിൽ നമ്മുടെ സാംസ്കാരികചരിത്രത്തിൽ രാമകഥപ്പാട്ട് അതുല്യമായ സ്ഥാനം വഹിക്കുന്നു.’ പലപ്രകാരത്തിലും ശ്രദ്ധേയമായ ഈ പ്രാചീനകൃതി മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്ലൊരു മുതൽക്കൂട്ടുതന്നെ എന്നു പറയുവാൻ ആരും മടിക്കേണ്ടതില്ല. പാട്ടിൻ്റെ രീതി കാണിക്കുവാൻ മാത്രമായി ഒന്നുരണ്ടു ഭാഗങ്ങൾ ഉദ്ധരിച്ചുകൊള്ളട്ടെ.

ആലമുണ്ടരൻതൻ മൈന്താ! അൻകരത്തോനേയമ്പാൽ
ചീലമുന്നടികൾ പോറ്റിച്ചിറുപയർ തിരളി തേങ്കായ്
കോലമുൻ കുടവയറ്റിൽ കുറവറയമുതുചെയ്തു
വേലയിൽ തിരപോലെന്തൻ മേതയിൽ തോൻറുവായേ!