പലതരം പാട്ടുകൾ
മലയാളവും തമിഴും സംസ്കൃതവും കലർന്ന ഒരു ശൈലിയാണ് രാമകഥപ്പാട്ടിലുള്ളത്. പാട്ടിലുള്ള തമിഴ് രൂപങ്ങളുടെ ആധിക്യം വിചാരിച്ചാൽ ഇക്കൃതി രാമചരിതത്തേക്കാൾ പ്രാചീനമാണെന്നു ശങ്കിക്കുവാൻ ഇടയുണ്ട്. എന്നാൽ, അതു പ്രസ്തുത കൃതിയുടെ ഉൽപത്തിസ്ഥാനമായ ദക്ഷിണകേരളത്തിൽ അന്നുണ്ടായിരുന്ന ദേശ്യഭാഷയായ മലയാംതമിഴിൽ എഴുതിയതുകൊണ്ടു തോന്നുന്നതു മാത്രമാണ്.
ഒരു മുക്കൂട്ടുഭാഷയാണ് രാമകഥപ്പാട്ടിലുള്ളതെന്നു പ്രസ്താവിച്ചുവല്ലൊ. ഇന്നത്തെ ജനങ്ങൾക്ക് അതിലെ ഭാഷ മനസ്സിലാക്കുവാൻ അത്ര എളുപ്പമല്ല. ആ ന്യൂനതയെ പരിഹരിക്കുവാൻ ഡോക്ടർ പി. കെ. ‘ഭാഷാപരിമളം’ എന്ന പേരിൽ വിശദവും വിസ്തൃതവുമായ ഒരു വ്യാഖ്യാനം തയ്യാറാക്കി ചേർത്തിട്ടുള്ളതും ഏറ്റവും പ്രയോജനപ്രദമാണ്. ഓരോ ശീലും ഇന്നത്തെ ഗദ്യശൈലിയിൽ ആദ്യം പരാവർത്തനം ചെയ്യുകയും പിന്നീട് വിശദമായി വ്യാഖ്യാനിക്കുകയും അനന്തരം നിരൂപണക്കുറിപ്പുകൾ കൊടുക്കുകയുമാണു് വ്യാഖ്യാതാവു ചെയ്തിട്ടുള്ളത്. ‘കാളിദാസഹൃദയം ആവിഷ്ക്കരിച്ച മല്ലീനാഥൻ്റെ വിമർശനപടുതയോടെ സമസ്തമർമ്മങ്ങളും അനാവരണം ചെയ്യുന്ന നഖശിഖാന്തമായ വ്യാഖ്യാനം ശതാവധാനിയായ ഒരു മഹാപണ്ഡിതനിൽനിന്നു് ഈ കൃതിക്കു ലഭിച്ചതാണു മറ്റു മലയാള ക്ലാസ്സിക്കുകളേക്കാൾ രാമകഥപ്പാട്ടിനു ലഭിച്ച ഭാഗ്യം’ എന്നു മലയാളമനോരമ പത്രാധിപർ കെ. എം. ചെറിയാൻ കോട്ടയത്തുവച്ച് ഈ ഗ്രന്ഥത്തിൻ്റെ പ്രസിദ്ധീകരണം നിർവ്വഹിച്ച അവസരത്തിൽ പ്രസ്താവിച്ചത് ഈയവസരത്തിൽ പ്രസ്താവ യോഗ്യമായി തോന്നുന്നു. ഭാഷാപരവും സാഹിത്യപരവും സാംസ്കാരികവുമായ സവിശേഷതകൾ ഇതരഗവേഷണഫലങ്ങളോടൊപ്പം സുദീർഘമായ ആമുഖോപന്യാസത്തിൽ പ്രകാശിപ്പിച്ചിട്ടുള്ളതും ഈ ഗ്രന്ഥത്തിൻ്റെ മറെറാരു നേട്ടമാണു്. ഡെമ്മി സൈസിൽ 1700-ൽ അധികം പേജുകളുള്ള ഈ ബൃഹൽഗ്രന്ഥം രണ്ടു വാള്യങ്ങളായി 1970-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
