പലതരം പാട്ടുകൾ
“ഇണങ്കിയുംതാൻ പിണങ്കിയുംതാൻ എന്ന വകൈയാകിലും താൻ
മണംചെയ്യിപ്പേനുന്തനുക്കു, മകളേ, നീയും മലങ്കാതേ.”
ഉലകുടെ പെരുമാൾ പാട്ട് : തെക്കൻ തിരുവിതാംകൂറിലെ ഊരൂട്ടമ്പലങ്ങളിലെ (ഊരുകാർ ഊട്ടും പാട്ടും നടത്തുന്ന ക്ഷേത്രങ്ങളിലെ) പ്രതിഷ്ഠാമൂർത്തിയാണു് ഉലകുടെപെരുമാൾ ഈ പാട്ടിനു തമ്പുരാൻ പാട്ടെന്നും പേരുണ്ട്. പാണ്ഡ്യരാജവിൻ്റെ ബന്ധുക്കളായ അഞ്ചു രാജകുമാരന്മാരും അവരുടെ സഹോദരിയായ മാലമ്മയും വൈകക്കര എന്ന സ്ഥലത്തു താമസിച്ചിരുന്നു. പാണ്ഡ്യരാജാവ് ഈ രാജകുമാരന്മാരെയെല്ലാം വധിച്ചു. തമ്പുപ്പെരുമാൾ വിവാഹം ചെയ്തിരുന്ന മാലമ്മയ്ക്ക് ഒരു പുത്രൻ ജനിച്ചു. ആ പുത്രനാണു കഥാനായകൻ. അദ്ദേഹം ഭദ്രകാളിയെ സേവിച്ചു അനുഗ്രഹങ്ങൾ വാങ്ങി. അമ്മാവന്മാരെ വധിച്ചതിനു പ്രതികാരമായി മധുരയിൽ മന്നനോടു പോരാടി. അദ്ദേഹത്തിൻ്റെ ആറു സഹോദരന്മാരേയും വധിച്ചു. എന്നാൽ, യുദ്ധത്തിൽ ഒരപശകുനം കണ്ടതിനാൽ ആ വീരൻ പിന്മാറി ആത്മഹത്യചെയ്തു. പെരുമാളുടെ 33-ാമത്തെ ജന്മനക്ഷത്രത്തിലാണു് ഇതു സംഭവിച്ചതു്, മാലമ്മയും പുത്രനെ അനുഗമിച്ചു. കുഞ്ചൻ നമ്പ്യാർ ‘ഘോഷയാത്ര’ ഓട്ടൻതുള്ളലിൻ്റെ ആരംഭത്തിൽ ഈ കഥ പരാമർശിക്കുന്നുണ്ട്.
അഞ്ചുതമ്പുരാൻ പാട്ട് : 18-ാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ തിരുവിതാകൂർ രാജകുടുംബത്തിലെ ചില അംഗങ്ങൾ തമ്മിലുണ്ടായ അന്തഃഛിദ്രങ്ങളാണു പ്രസ്തുത പാട്ടിൽ വിവരിക്കുന്നതു്. തിരുവിതാകൂർ ചരിത്രത്തെ സംബന്ധിച്ചിടത്തോളം വിലയേറിയ ഒരു രേഖയാണു ഈ പാട്ട്.
