പദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

പലതരം പാട്ടുകൾ

തമ്പിരാനെ, പെരിയോനെ ചന്തമൊത്ത പൂപ്പടയും
ഇമ്പമാക വിളയാടി വായേ; ഇരുത്ത പുതുവാതത്തമ്പിരാനെ!
ആടുകിലും മന്നാ ആടിവായേ; ചൂടുകിലും മന്നാ ചൂടിവായേ.

ഇതാണു അവയിലെ രീതി.

ദേവപ്രീതികരങ്ങളായ പാട്ടുകൾക്കു പുറമെ ദേശചരിത്രപരങ്ങളായ പാട്ടുകളും തെക്കൻപാട്ടുകളിൽ അടങ്ങിയിട്ടുണ്ട്. കന്നടിയൻപോരു്, ഉലകുടെപെരുമാൾ പാട്ടു്, അഞ്ചുതമ്പുരാൻ പാട്ട്, ഇരവിക്കുട്ടിപ്പിള്ളപ്പോരു് തുടങ്ങിയവ ആ ഇനത്തിൽ മുഖ്യമായവയാണ്. ഇരവിക്കുട്ടിപ്പിള്ളപ്പോരുപോലെയുള്ളവ യഥാർത്ഥ ചരിത്രപുരുഷന്മാരെ മുൻനിർത്തിയുള്ളതും, കന്നടിയൻ പോരുപോലെയുള്ളവ ഐതിഹ്യങ്ങളിൽക്കൂടി കടന്നുവന്നിട്ടുള്ള ചരിത്രപുരുഷന്മാരെ സംബന്ധിച്ചുള്ളവയുമാണെന്ന വസ്തുത പ്രത്യേകം പ്രസ്താവയോഗ്യമാണു്.

കുന്നടിയൻ പാട്ട് : 1265-ാ മാണ്ട് വള്ളിയൂർ വാണിരുന്ന പാണ്ഡവവംശജനായ കുലശേഖരനാണു ഇതിലെ നായകൻ: കാഞ്ചീപുരത്തിനു വടക്കുള്ള കന്നടിയൻ എന്ന വടുകരാജാവിൻ്റെ പുത്രി, വള്ളിയൂർരാജാവിൻ്റെ ചിത്രം കണ്ട് അദ്ദേഹത്തെ പ്രേമിച്ചു. പുത്രിയുടെ പ്രേമപ്രാർത്ഥ‌ന കുലശേഖരൻ നിരസിക്കയാൽ വള്ളിയൂരരചനെ കന്നടിയൻ യുദ്ധം ചെയ്തു തോല്പിച്ചു ബന്ധനസ്ഥനാക്കി. പക്ഷേ, അഭിമാനിയായ കുലശേഖരൻ വഴിക്കുവെച്ചു വാൾകൊണ്ടു കഴുത്തുവെട്ടി ആത്മഹത്യ ചെയ്തതിനാൽ ജഡം മാത്രമെ രാജപുത്രിക്കു ലഭിച്ചുള്ളു. എങ്കിലും മനസ്വിനിയായ അവൾ സ്വകാമുകൻ്റെ ആ ജഡത്തിൽ മാലയിട്ട് അഗ്നിപ്രവേശം ചെയ്തു. സംഭവബഹുലമായ ആ കഥയുടെ ചുരുക്കം ഇതാണു്. പുത്രി അച്ഛനോടു് തൻ്റെ അന്തർ​ഗതം അറിയിക്കുന്നതും, അച്ഛൻ സമാധാനിപ്പിക്കുന്നതുമായ ചില വരികൾ നോക്കുക:

”ആണ്ടവനേ, എന്നുടയ അപ്പച്ചിയാരൊൻറു കേളായ്
നാനിരുന്തു ചടൈത്തീടിലും നരൈത്ത കൊണ്ടൈ മുടിത്തീടിലും
ഊനിരുന്തു കളിത്തിടിലുമുയിരിളിന്തുപോയീടിലും
കൊറ്റവനാർ പാണ്ടിമന്നൻ കുലശേഖരൻതാനൊഴിയ
മറ്റൊരുവരെന്നൈ വന്തു മാലയിട നിനൈപ്പതില്ലൈ.”