പലതരം പാട്ടുകൾ
ഇതുപോലെ ആനന്ദാമൃതമായിട്ടുള്ളവയാണു് അതിലെ മറ്റു ഗാനങ്ങളും. വൈദ്യരുടെ മറ്റു പ്രധാകൃതികൾ ബദർ പടപ്പാട്ട്, വഹദുപട, മലപ്പുറംപാട്ടു്, ഹിജറ പാട്ട് എന്നിവയാണു്. ഈ കവിവര്യൻ്റെ ഒരു ജീവചരിത്രം ഏനാമാക്കൽ ആമിനാ ബുക്കുസ്റ്റാളുകാർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നുള്ള വസ്തുതകൂടി ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ. മാപ്പിളപ്പാട്ടുകൾ കേരളീയർക്കു മുഴുവൻ പ്രയോജനപ്പെടുമാറു വ്യാഖ്യാന സഹിതം പ്രസിദ്ധപ്പെടുത്തുന്നതു നമ്മുടെ പദ്യസാഹിത്യത്തിനു ഒരു മുതൽക്കൂട്ടുതന്നെയായിരിക്കും.
തെക്കൻപാട്ടുകൾ അഥവാ വില്ലടിച്ചാൻ പാട്ടുകൾ: വടക്കൻ പാട്ടുകളെപ്പോലെതന്നെ ശ്രദ്ധേയങ്ങളായ ചില കൃതികൾ ദക്ഷിണ കേരളത്തിൽനിന്നും നമുക്കു ലഭിച്ചിട്ടുണ്ടു്. ദേവതാപ്രീതിക്കായും മറ്റും പാടുന്നവയാണു് അവയിൽ അധികമെണ്ണവും. വില്ല്, കുടം, കോൽ എന്നീ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടാണു് ഈവക പാട്ടുകൾ പാടാറുള്ളത്. അതിനാൽ ഇവയ്ക്കു വില്ലടിച്ചാൻ പാട്ടുകൾ എന്നു സാധാരണ പറഞ്ഞുവരുന്നു. ”വില്ലിൽ രണ്ടറ്റത്തുമോ, നെടുനീളമോ, മണികൾ കെട്ടിയിരിക്കും. കുടം ലോഹനിർമ്മിതമായിരിക്കണം; അതിൻ്റെ മുഖം തോൽകൊണ്ടു കെട്ടി അടച്ചിരിക്കും. തലയ്ക്കൽ വലതുവശമായിരുന്നു ആശാൻ (പുലവർ) വില്ലിലും എതിർവശമായിരുന്നു ശിഷ്യർ കുടത്തിലും കോൽ കൊണ്ടു കൊട്ടും. വില്ല് മുഖ്യോപയോഗമായതിനാലാണു് വില്ലടിച്ചാൻ പാട്ടുകൾക്കു ആ പേർ വന്നതെന്നു പറയേണ്ടതില്ലല്ലൊ”. ദക്ഷിണകേരളത്തിലെ തമിഴർ സംഭാഷണം ചെയ്യുന്ന തമിഴും മലയാളവുമല്ലാത്ത ഒരു പ്രാകൃതഭാഷയിലാണു്, ഈവക പാട്ടുകളിൽ അധികഭാഗവും രചിച്ചിട്ടുള്ളത്.
