പദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

പലതരം പാട്ടുകൾ

തച്ചോളി ഒതേനൻ : ഒതേനൻ്റെ വീരപരാക്രമങ്ങളെ പ്രകീർത്തിക്കുന്ന കഥകളാണ് വടക്കൻപാട്ടുകളിൽ അധികവും. മലബാർമാനുവൽ എന്ന ഗ്രന്ഥത്തിൻ്റെ കർത്താവായ ലോഗൻസ് സായിപ്പ് ‘കേരളത്തിലെ റോബിൻഹുഡ്’ ബിരുദം നല്കി ഈ വീരപുരുഷനെ മാനിച്ചു കാണുന്നു. കടത്തനാട്ടു വടകരയ്ക്കു സമീപമുള്ള മേപ്പയിൽ ദേശത്തു തച്ചോളിമാണിക്കോത്ത് എന്ന നായർ (കുറുപ്പു) തറവാട്ടിലാണ് ഒതേനൻ ജനിച്ചത്. പിതാവ് ഒരു നായർപ്രഭുവും, മാതാവ് ഉപ്പാട്ടിയുമായിരുന്നു. കോമപ്പൻ എന്നൊരു ജ്യേഷ്ഠനും ഉണ്ണിച്ചിരുത എന്ന ഒരനുജത്തിയും ഉണ്ടായിരുന്നു. “ഏതൊരു ദിക്കിലും പോകുന്നേരം – കൂടെ നടക്കുന്ന കണ്ടാച്ചേരി.” ഒതേനൻ്റെ പ്രാണനിൽ പ്രാണൻതന്നെയാണു്. ഒതേനൻ ജനിച്ച മാണിക്കോത്ത് തച്ചോളിത്തറവാടിൻ്റെ നഷ്ടശിഷ്ടങ്ങൾ വടകര തീവണ്ടിയാഫീസിനു് ഏകദേശം ഒരു നാഴിക കിഴക്കുള്ള മേപ്പയിൽ ഒരു കുന്നിൻ്റെ ചരുവിലായി ഇന്നും കാണാനുണ്ടത്രെ. അന്നാട്ടുകാർ യശശ്ശരീരനായ ഈ വീരാഗ്രേസരനെ ഒരു ദൈവതം പോലെയാണു് ആരാധിച്ചുപോരുന്നതു്.

ഒതേനനെ സംബന്ധിച്ച അനവധി കഥകളിൽ വിവാഹകഥ വളരെ നേരംപോക്കുള്ളതാണ്. കാവിലുംചാത്തോത്തു മാതേയിഅമ്മയ്ക്കു തൻെറ ഒമ്പതാമത്തെ മകൾ ചീരുവിനെ ഒതേനനെക്കൊണ്ടു താലികെട്ടിക്കണമെന്നു മോഹമുണ്ടായിരുന്നു. അതിനുവേണ്ടി അപേക്ഷിച്ചപ്പോൾ,

കാക്കയെപ്പോലെ കറുത്ത ചീരു, എനിക്കിന്നച്ചീരൂനെ വേണ്ടെൻ്റേട്ട;
ചക്കച്ചുളപ്പല്ലും പേന്തലയും, എനിക്കിന്നച്ചീരൂനെ വേണ്ടെൻ്റേട്ടാ;
അച്ഛനുമമ്മയ്ക്കും വേണ്ടെങ്കിലും വടകരപ്പൊക്കപ്പൻ ചോനകനു
കുപ്പയിട്ടാട്ടാനയച്ചേക്കട്ടെ, കൊപ്പര കാക്കാനങ്ങാക്കിക്കോട്ടെ.