ഗദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം

പരിഭാഷയിൽ ചിലേടത്തു ചില ഭാഷാവൈകല്യങ്ങളും ലുപ്തപദപ്രയോഗങ്ങളും കാണുമെങ്കിലും നൂറിൽപരം വർഷങ്ങൾക്കുമുമ്പുണ്ടായ ഒരു ഗദ്യകൃതിയാണിതെന്നു നാം പ്രത്യേകം ഓർമ്മിക്കേണ്ടതാണു്. 1882-ൽ അച്ചടിച്ചതും വളരെക്കാലമായി അലബ്ധമായിത്തീർന്നതുമായ പ്രസ്തുത കൃതി, കോട്ടയം എൻ. ബി. എസ്സിൽ നിന്നു് 1961-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നുള്ള വസ്തുത കൂടി ഈയവസരത്തിൽ പ്രസ്താവിച്ചുകൊള്ളട്ടെ.

മന്നാടിയാർ: കേരളവർമ്മയുടെ ശാകുന്തളം പരിഭാഷയെത്തുടർന്നു പല സംസ്കൃത രൂപകങ്ങളും മലയാളത്തിൽ ഉത്ഭവിച്ചു തുടങ്ങിയതായി മുമ്പു സൂചിപ്പിച്ചുവല്ലൊ. അവയിൽ ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ ചെയ്തിട്ടുള്ള ഭവഭൂതിയുടെ ‘ഉത്തരരാമചരിതം’ പരിഭാഷ പ്രസിദ്ധികൊണ്ടും പ്രചാരംകൊണ്ടും മുന്നണിയിൽ നില്ക്കുന്നു. രസാനുഗുണമായ ശബ്ദങ്ങളെ പ്രയോഗിക്കുവാൻ കവിക്കുള്ള സാമർത്ഥ്യമാണ് ഉത്തര രാമചരിതം തർജ്ജമയുടെ വിജയത്തിനുള്ള മുഖ്യകാരണം.

“തള്ളിത്തിങ്ങിക്കലങ്ങിപ്പെരുകുമഴലിനെ-
തെല്ലൊതുക്കുന്നതിന്നായ്”

എന്നിങ്ങനെയുള്ള അതിലെ മധുരോദാരപദ്യങ്ങൾ പലതും സഹൃദയന്മാർക്കു മറക്കുവാൻ സാധിക്കുന്നതല്ല. രാമഭദ്രദീക്ഷിതരുടെ കൃതിയായ ‘ജാനകീപരിണയം’ നാടകവും മന്നാടിയാർ വിവർത്തനം ചെയ്തിട്ടുണ്ട്. മന്നാടിയാരുടെ ആദ്യവിവർത്തനമായ പ്രസ്തുത കൃതി ഉത്തരരാമചരിതത്തോളം പ്രശംസാർഹമല്ല.