ദൃശ്യകാവ്യപ്രസ്ഥാനം
ആയില്യംതിരുനാളിൻ്റെ ഭാഷാശാകുന്തളം (ഗദ്യവിവർത്തനം ): വലിയകോയിത്തമ്പുരാൻ്റെ ശാകുന്തള വിവർത്തനത്തെപ്പറ്റിയാണല്ലോ പറഞ്ഞു കഴിഞ്ഞതു്. ഈയവസരത്തിൽ അദ്ദേഹത്തിൻ്റെ വിവർത്തനത്തിനു മുമ്പുണ്ടായ ഒരു ഗദ്യവിവർത്തനത്തെപ്പറ്റിയും പ്രത്യേകം അനുസ്മരിക്കേണ്ടിയിരിക്കുന്നു. ഭാഷാശാകുന്തളം ഗദ്യവിർവത്തനത്തിൻ്റെ കർത്താവായ ആയില്യംതിരുന്നാൾ രാമവർമ്മ 1007 മുതൽ 1055 വരെ ജീവിക്കുകയും, 1036 മുതൽ 1055 വരെ തിരുവിതാംകൂർ രാജ്യം ഭരിക്കുകയും ചെയ്ത ഒരു മഹാരാജാവാണു്. തിരുമേനി യുവരാജാവായിരിക്കുമ്പോഴാണു് – കൃത്യമായി പറഞ്ഞാൽ 1028-ലാണു – ശാകുന്തളം പരിഭാഷപ്പെടുത്തിയതു്. പക്ഷേ, പ്രസ്തുത കൃതി, കുറേക്കാലം ആരുമറിയാത്തെ വലിയ കൊട്ടാരം വക ഗ്രന്ഥപ്പുരയിൽ തപസ്സു ചെയ്യുകയായിരുന്നു. വലിയകോയിത്തമ്പുരാൻ പ്രസ്തുത ഗ്രന്ഥപ്പുര, പരിശോധന ചെയ്ത സന്ദർഭത്തിൽ അതു കണ്ടെത്തുകയും, ആയില്യം തിരുനാളിൻ്റെ ചരമത്തിനുശേഷം രണ്ടു കൊല്ലം കഴിഞ്ഞ് 1057-ൽ, വലിയകോയിത്തമ്പുരാൻ്റെ ശാകുന്തളം പരിഭാഷ പുസ്തകരൂപത്തിൽ ‘കേരളവിലാസം പ്രസ്സി’ൽ നിന്നു പുറപ്പെട്ട സംവത്സരത്തിൽ, അതേ പ്രസ്സിൽ നിന്നുതന്നെ പ്രസിദ്ധപ്പെടത്തുകയുമാണുണ്ടായതു്. കേരളഭാഷയിലുണ്ടായ ഒന്നാമത്തെ ശാകുന്തള വിവർത്തനം സൂര്യപ്രകാശം കണ്ടതിങ്ങനെയാണു്.
ആയില്യം തിരുനാളിൻ്റെ വിവർത്തനം ഗദ്യരൂപത്തിലാണെന്നു പറഞ്ഞുവല്ലോ. നൂറിൽപരം വഷങ്ങൾക്കുമുമ്പുള്ള ഗദ്യരീതി ഇന്നത്തേതിൽ നിന്നു തുലോം ഭിന്നമായിരിക്കുമെന്ന് ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. അന്നു ദൂതവാക്യം മുതലായവയിലെപ്പോലെ സംസ്കൃതത്തിൻ്റെ ചുവടുപിടിച്ചുള്ള ഗദ്യമേ ഉണ്ടായിരുന്നുള്ളു. തിരുമേനിയും ആ വഴിക്കു തന്നെയാണു് ശാകുന്തളം തർജ്ജമ ചെയ്തു കാണുന്നതു്. എന്നാൽ ആംഗല ഭാഷാപരിചയസമ്പന്നനായിരുന്ന അവിടത്തെ വിവർത്തനം ചില ഘട്ടങ്ങളിൽ ആധുനിക ഗദ്യരീതിയുടെ മാതൃകയായിത്തീർന്നിട്ടുമുണ്ടു്. വിവർത്തനത്തിൻ്റെ രീതി കാണിക്കുവാൻമാത്രം ഒന്നുരണ്ടു ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കാം:
“ക്രൂരനായുള്ള ഒരു ചോരനെപ്പോലെ നമ്മുടെ ആശ്രമത്തിൽ പ്രവേശിച്ചു് അമൂല്യരത്നമായിരിക്കുന്ന ശകുന്തളയെ മോഷണം ചെയ്തു സ്വകാര്യം സാധിച്ചതിൻ്റെശേഷം ഈ സ്ത്രീയെ തിരസ്‌കരിക്കുന്നു! ഈ വിദ്യ മാനത്തിങ്കൽ നീ പരമഹംസനായിരിക്കുന്ന നമ്മുടെ ഋഷീശ്വരൻ്റെ ഉഗ്രമായിരിക്കുന്ന ശാപത്തിനു പാത്രനായിട്ടു ഭവിക്കേണ്ടിവരും ” (പഞ്ച മാങ്കം). “വലിയ വിഷമമായിരിക്കുന്നു. ഒരു ദിക്കിൽ ഋഷിശ്വരന്മാരുടെ ആജ്ഞ; ഒരു ദിക്കിൽ മാതാവിൻ്റെ കല്പന; ഈ രണ്ടിൽവച്ചു ഏതിനെ തിരസ്ക്‌കരിക്കാവൂ?” (ദ്വിതീയാങ്കം).
