ദൃശ്യകാവ്യപ്രസ്ഥാനം
എ. സംസ്കൃത പ്രഭാവ ഘട്ടം
സംസ്കൃതാനുകരണം
കേരളവർമ്മയും ശാകുന്തളവും: കേരളത്തിലെ നാടകപ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവു് കേരളവർമ്മ വലിയകോയിത്തമ്പുരാനാണെന്നു പറയാം. അദ്ദേഹം കാളിദാസ മഹാകവിയുടെ അഭിജ്ഞാനശാകുന്തളം തർജ്ജമചെയ്തതു് അക്കാലത്തു തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടിരുന്ന ‘വിദ്യാവിലാസിനി’ എന്ന മാസികയിൽ പ്രസിദ്ധപ്പെടുത്തുകയും, പിന്നിടതു കേരളവിലാസം അച്ചുക്കൂടത്തിൽനിന്നും 1057-ൽ ‘കേരളീയ ഭാഷാശാകുന്തളം’ എന്ന പേരിൽ ഒന്നാമതായി പ്രകാശിപ്പിക്കുകയും ചെയ്തു. ഭാഷാശാകുന്തളത്തിൻ്റെ ആവിർഭാവം ഭാഷയിലെ നാടക പ്രസ്ഥാനത്തിൻ്റെ അരുണോദയം തന്നെയായിരുന്നു. സംസ്കൃതത്തിൽ നിന്നു അനേകം നാടകങ്ങൾ അതോടുകൂടി അഹമഹമികയാ കവികൾ തർജ്ജമചെയ്യുവാൻ തുടങ്ങി. കാളിദാസൻ്റെ ആശയങ്ങളുമായി സംസ്കൃതാനഭിജ്ഞരായ കേരളീയരെ ആദ്യമായി പരിചയപ്പെടുത്തിയത് വലിയകോയിത്തമ്പുരാനായിരുന്നു. ആ കൃത്യത്തെ ആദരിച്ച് ‘കേരളകാളിദാസൻ’ എന്ന ബിരുദംകൊണ്ട് കേരളീയർ അദ്ദേഹത്തെ ബഹുമാനിക്കുവാനും തുടങ്ങി.
