ഗദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം

ആട്ടക്കഥാസാഹിത്യം മലയാളത്തിനു സ്വന്തമായിട്ടുള്ള ഒരു ദൃശ്യ പ്രസ്ഥാനമാണു്. അതു നമ്മുടെ സ്വകാര്യസ്വത്തുമാണു്. എന്നാൽ ദൃശ്യ കാവ്യശാഖയിൽപ്പെട്ട നാടകം അങ്ങനെയല്ല. അതു പരകീയവും, അതേ സമയംതന്നെ നമ്മുടെ പൊതുസ്വത്തുമാണു്. നാട്യം, നൃത്യം, നൃത്തം എന്നിങ്ങനെയുള്ള ദൃശ്യപ്രസ്ഥാനത്തിൻ്റെ വകഭേദങ്ങളിൽ ആട്ടക്കഥ, ആംഗ്യസങ്കേതജടിലവും വാചികാഭിനയശൂന്യവുമായ നൃത്ത്യമത്രേ. നാടകമാകട്ടേ, നാട്യവർഗ്ഗത്തിൽ ഉൾപ്പെട്ടതും വാചികാഭിനയപ്രധാനവും ആംഗികാഭിനയശൂന്യവുമായ ഒരു ദൃശ്യകാവ്യ പ്രസ്ഥാനമാകുന്നു. പ്രസ്തുത നാട്യശാഖ വിഭിന്നങ്ങളായ പല ഘട്ടങ്ങളേയും തരണം ചെയ്തശേഷമാണു ഇന്നത്തെ നിലയിൽ എത്തിച്ചേർന്നിട്ടുള്ളതു്. ഇവയ്ക്കു സംസ്കൃത പ്രഭാവഘട്ടം, തമിഴ്‌ പ്രഭാവഘട്ടം, ആംഗല പ്രഭാവഘട്ടം എന്നിങ്ങനെ വേണമെങ്കിൽ ഒരു വിഭജനം കല്പിക്കാം. സംസ്കൃത പ്രഭാവഘട്ടത്തിൽ സംസ്കൃത നാടകങ്ങളുടെ അനവധി വിവർത്തനങ്ങളും സംസ്കൃതത്തിൻ്റെ ചുവടുപിടിച്ചുള്ള ചില സ്വതന്ത്ര കൃതികളുമാണുണ്ടായിട്ടുള്ളതു്. തമിഴ് പ്രഭാവ ഘട്ടത്തിൽ അനേകം സംഗീതനാടകങ്ങൾ ഇവിടെ ആവർഭവിച്ചു. എന്നാൽ നാടകസാഹിത്യത്തിനു് ഈ ഘട്ടത്തിൽ പറയത്തക്ക യാതൊരു അഭിവൃദ്ധിയും ഉണ്ടായിട്ടില്ല. നാടകകലയെ അഭിനയകലയുമായി കൂടുതൽ അടുപ്പിക്കുകയും, നാട്യവേദിയിൽ തമിഴർ കയറുകയും ചെയ്തുവെന്നു മാത്രമേ ഇതിനർത്ഥമുള്ളു. ആംഗലപ്രഭാവത്തിൻ്റെ പരിണത ഫലങ്ങളാണ് ആധുനിക ഗദ്യനാടകങ്ങളും പ്രഹസനങ്ങളും, ഏകാങ്ക നാടകങ്ങളും. ഇനി നമുക്കു പ്രസ്തുതഘട്ടങ്ങൾ ഓരോന്നിലേയും കൃതികളെപ്പറ്റി സാമാന്യമായി ചിലതു പര്യാലോചിക്കാം.