ഗദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം

കെ. എം. പണിക്കർ: സംസ്കൃതസമ്പ്രദായത്തിലുള്ള നാടകങ്ങളുടെ നിർമ്മാണം നിലച്ച ആധുനിക ഘട്ടത്തിലും ചില നാടകങ്ങൾ ഉടലെടുക്കാതിരുന്നിട്ടില്ല. സർദാർ പണിക്കരുടെ ഭീഷ്മർ, മണ്ഡോദരി, ധ്രുവസ്വാമിനി എന്നീ നാടകങ്ങളെയാണു പ്രധാനമായും ഇവിടെ ലക്ഷ്യമാക്കുന്നതു്. പണിക്കരുടെ അനിതരസാധാരണമായ മതിപ്രഭാവവും പുരാണ കഥാപരിചയവും സംസ്കൃത നാടകങ്ങളുമായുള്ള അടുപ്പവും വിളംബരം ചെയ്യുവാൻ പ്രസ്തുത കൃതികൾ തികച്ചും പോരുന്നവയാണു്. സംസ്കൃതത്തിൻ്റെ ചുവടുപിടിച്ച് എഴുതിയിട്ടുള്ള സ്വതന്ത്രനാടകങ്ങളിൽ ഈ ശാഖയ്ക്ക് അഭിമാനിക്കത്തക്കവയുമാണു് പ്രസ്തുത കൃതികൾ; വിശേഷിച്ചും  ഭീഷ്മർ.