ഗദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം

ചക്കീചങ്കരം : ശാകുന്തളം തർജ്ജമയേത്തുടന്നു് സംസ്കൃത വിവർത്തനങ്ങളായും അനുകരണങ്ങളായും കവികല്പിതങ്ങളായും ഒട്ടുവളരെ നാടകങ്ങൾ ഭാഷയിൽ അവതരിക്കുവാൻ തുടങ്ങിയ വസ്തുത സൂചിപ്പിച്ചുവല്ലൊ. അനർഹന്മാരായ പല കവികളും അക്കാലത്തു നാടകരചനയിൽ ഏർപ്പെട്ടിരുന്നു. “നാടകാന്തം കവിത്വം” എന്ന നിലവിട്ട് “നാടകാദ്യം കവിത്വം” എന്ന പ്രതിലോമനില കവികൾ സ്വീകരിച്ചു തുടങ്ങി. കാളിദാസാദി മഹാകവികളുടെ നാടകങ്ങളിലെ സന്ദർഭശുദ്ധിയോ, ആശയവൈപുല്യമോ, രസപ്രകർഷമോ ഒന്നുമില്ലാതെ കുറെ ഒഴുക്കൻ ശ്ലോകങ്ങളും സംഭാഷണങ്ങളും എഴുതിക്കൂട്ടിയാൽ നാടകമാകുമെന്നുള്ള ഭ്രമം പലർക്കും വന്നുകൂടി. തൽഫലമായി ഒട്ടുവളരെ ക്ഷുദ്രകൃതികളും വർദ്ധിച്ചുവശായി. ഈ ഘട്ടത്തിൽ ആ ദുരവസ്ഥയെ തടയുവാൻവേണ്ടി എഴുതിയ ഒരു പരിഹാസകൃതിയാണു് പി രാമക്കുറുപ്പിൻ്റെ ‘ചക്കീചങ്കരം’, 1068-ാമാണ്ടിടയ്ക്കായിരുന്നു പ്രസ്തുത കൃതിയുടെ നിർമ്മാണം. ശിവപാർഷാനായ കുംഭാണ്ഡൻ പ്രവേശിച്ചു് “വണ്ടിക്കാളകണക്കുവന്ന കവി മണ്ടന്മാരെ മണ്ടയ്ക്കടിച്ച്”, “വിദ്യാഭ്യാസംവിനാ നാടകമിനിയെഴുതിക്കൂട്ടുമോ നിങ്ങളെല്ലാം” എന്നു ഗർജ്ജിച്ച് കല്പിതാംകോട്ടുനിന്നും ആട്ടിപ്പായിക്കുന്ന ഒരു കഥയാണു് ചക്കീചങ്കരത്തിലുള്ളതു്. അരിവെയ്പുകാരായ ചക്കിയും ചങ്കരനും അതിലെ രണ്ടു പ്രധാന കഥാപാത്രങ്ങളാണു്. ചക്കീചങ്കരമെന്ന പേരിനു കാരണവും അതുതന്നെ. വളരെ വളരെ വിനോദരസം തോന്നുന്ന പല പദ്യങ്ങളും അതിലുണ്ട്.

“ആൾജിബ്രാ മാഞ്ഞുപോയി; മമഹൃദി മരുവു–
ന്നില്ല യൂക്ലിഡ് കുഞ്ഞേ! മാജിക്കായ്ത്തീർന്നു മന്മാനസമതിനൊരു പ
ണ്ണന്തു ചെയ്യേണ്ടു ഞാനും?
ലോജിക്കും ഞാൻ മറന്നൂ; ലവമപി ലവണം
വല്ല കാമ്പൗണ്ടിൽനിന്നും
യോജിപ്പിച്ചിട്ടെടുപ്പാനവശത പെരുതായ്–
പ്പോയിതയ്യോ! കെമിസ്ത്രി.”

എന്നിങ്ങനെയുള്ള പദ്യങ്ങൾ നോക്കുക.

ചക്കീചങ്കരമെന്ന പേരിൽ മറെറാരു ഹാസ്യകൃതി ഉത്തരകേരളത്തിൽനിന്നു പരിഹാസചതുരനായ ഇരുവനാട്ടു നാരായണൻ നമ്പ്യാരും ആയിടയ്ക്കുതന്നെ പ്രസിദ്ധപ്പെടുത്തുകയുണ്ടായി എന്നാൽ രാമക്കുറുപ്പിൻ്റെ കൃതിയാണു് സുവിദിതമായിത്തീർന്നതു്.* (രാമക്കുറുപ്പു് – ആലപ്പുഴ കൈരുവനക്കരയിൽ പിലാപ്പറമ്പ് എന്ന ഭവനത്തിൽ 1023, ഇടവം, അവിട്ടം നക്ഷത്രത്തിൽ ജനിച്ചു. പിലാപ്പറമ്പിൽ കൊച്ചു അമ്മയും, ചേർത്തല മാരാരിക്കുളത്തു് ഉഴത്തുവേലിൽ രാമക്കയ്മളുമായിരുന്നു മാതാപിതാക്കന്മാർ. തിരുവനന്തപുരം കോളേജിൽ പഠിച്ച് ബി എ. പാസ്സായി. 1050-ാമാണ്ടു് കോവുണ്ണി നെടുങ്ങാടി കോളേജിൽ നിന്നു വിട്ടു മറ്റു ജോലിയിൽ പ്രവേശിച്ചതോടുകൂടി, തൽസ്ഥാനത്തു കോളേജിലെ മലയാളപണ്ഡിതനായി കുറുപ്പിനെ നിയമിച്ചു. പുസ്തക രൂപത്തിൽ ചക്കീചങ്കരമെന്ന കൃതിയേ എഴുതിയിട്ടുള്ളൂ. 1073 കന്നി 8-ാം തീയതി സ്മര്യപുരുഷൻ ചരമമടഞ്ഞു.)