ദൃശ്യകാവ്യപ്രസ്ഥാനം
സി. ആംഗ്ലേയ സാഹിത്യപ്രഭാവഘട്ടം
മലയാള നാടകങ്ങൾ സംസ്കൃത സാഹിത്യത്തിൻ്റെ വിവർത്തനങ്ങളോ അനുകരണങ്ങളോ ആയിട്ടാണല്ലോ ജനിച്ചുവളന്നിട്ടുള്ളതു്. തമിഴ്‌നാകങ്ങളെ അനുകരിച്ചു സംഗീതനാടകങ്ങളും ഉത്ഭവിച്ചു. എന്നാൽ അക്കാലത്തും ഭരണം നടത്തിയിരുന്നതു് ആദ്യംപറഞ്ഞ സംസ്കൃതനാടകങ്ങൾ തന്നെയായിരുന്നു. സംസ്കൃത നാടകങ്ങൾ ഭരതനാട്യ പ്രകാരമുള്ള —
“ധീരോദാത്തനതി പ്രതാപഗുണവാൻ
വിഖ്യാതവംശൻ ധരാ–
പാലൻ നായക, നഞ്ചുസന്ധിക, ളതി–
ഖ്യാതം കഥാവസ്തുവും,
നാലഞ്ചാളുക, ളങ്കമഞ്ചധികമോ,
ശൃംഗാരമോ വീരമോ
മുഖ്യം, നിർവഹണത്തിലത്ഭുതരസം,
നാഥോദയം, നാടകം”
എന്ന ലക്ഷണം ആസ്പദമാക്കി നിർമ്മിച്ചിട്ടുള്ളവയാണല്ലോ. എന്നാൽ പ്രസ്തുത ലക്ഷണങ്ങൾ സംപൂർണ്ണമായി തികഞ്ഞിട്ടുള്ള ഒരൊറ്റ സ്വതന്ത്ര നാടകംപോലും മലയാളത്തിൽ ഉത്ഭവിക്കാനിടയായിട്ടില്ല. അതിനാൽ ആ സാഹിത്യപ്രസ്ഥാനം വഴിക്കു മലയാള നാടകങ്ങൾ പുരോഗമിച്ചിട്ടില്ലെന്നുള്ളതു വ്യക്തമാണു്; എന്നുവരികിലും പിന്നീട്ടുണ്ടായ നാടക്കങ്ങൾക്കു പശ്ചാത്തലം സൃഷ്ടിച്ചത് – അസ്തിവാരമുറപ്പിച്ചതു് – മേല്പറഞ്ഞ കൃതികളാണെന്നുള്ളതും വിസ്മരിക്കാവുന്നതല്ല.
സാമൂഹ്യ പരിവർത്തനങ്ങൾ: ആംഗ്ലേയ സാഹിത്യപരിചയം വഴിക്കു കേരളീയരുടെ ആചാരവിചാരങ്ങളിൽ ക്രമേണ പല മാറ്റങ്ങളും സംഭവിച്ചുതുടങ്ങി. സാമൂഹ്യമായും രാഷ്ട്രീയമായും മററുമുള്ള പല ചിന്താഗതികളും നമ്മെ അഭിമുഖീകരിക്കുകയായി. അങ്ങനെയുള്ള ഒരു നവോത്ഥാനഘട്ടത്തിൽ ഉടലെടുത്ത മൂന്നു നാടകങ്ങളാണു് കെ. സി. കേശവപിള്ളയുടെ ലക്ഷ്മീകല്യാണവും, പോളച്ചിറയ്ക്കൽ കൊച്ചീപ്പൻ തരകൻ്റെ മറിയാമ്മ നാടകവും, കെ. പി. കറുപ്പൻ്റെ ബാലാകലേശവും. പ്രസ്തുത നാടകങ്ങളിലെ രാഷ്ട്രീയ സാമുദായിക പ്രശ്നങ്ങൾ, മലയാള നാടക ചരിത്രത്തിൽ അന്നത്തെ നിലയ്ക്ക് ഒരു വമ്പിച്ച വിചാരവിപ്ലവം കുറിക്കുന്നവ തന്നെയായിരുന്നു.
