ഗദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം

മലയാള സംഗീത നാടകങ്ങൾ, തമിഴ്‌ നാടകങ്ങളുടെ അനുകരണങ്ങളാണെന്നു മുകളിൽ സൂചിപ്പിച്ചുവല്ലോ. എന്നാൽ തമിഴ്‌ നാടകങ്ങളുടെ മുമ്പറഞ്ഞ ന്യൂനതകൾ നമ്മുടെ സംഗീത നാടകങ്ങളെ അത്രയധികം ബാധിച്ചിട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു. എങ്കിലും ഗാന പ്രയോഗവിഷയത്തിലുള്ള ഔചിത്യഭംഗം നമ്മുടെ നാടകത്തിലും പൊതുവേ വന്നുപോയിട്ടുണ്ടെന്നു സമ്മതിച്ചേതീരൂ. സ്വാഭാവികമായിത്തീരേണ്ട സംഭാഷണ സന്ദർഭങ്ങളിലും തമിഴ്‌ രീതിയെ അനുകരിച്ചു സംഗീതം സംഘടിപ്പിച്ചു പോന്നതുതന്നെയാണു് മേല്പറഞ്ഞ ന്യൂനതയ്ക്കുള്ള മുഖ്യ കാരണം.

സംഗീത നാടക കർത്താക്കൾ: ഭാഷയിലെ സംഗീത നാടക കർത്താക്കളിൽ പ്രഥമ ഗണനീയന്മാർ എരുവയിൽ ചക്രപാണിവാര്യർ, തെക്കെ കുറുപ്പത്തു ടി. സി. അച്യുതമേനോൻ, കെ. സി. കേശവപിള്ള, വി. എസ്സ്. ആൻഡ്രു, എന്നിവരാകുന്നു. ‘ഹരിശ്ചന്ദ്രചരിതം’ നാടകമാണു് വാര്യരുടെ പ്രധാനകൃതി. പ്രസ്തുത നാടകംവഴിക്കാണ് ചക്രപാണിവാര്യർ പ്രസിദ്ധനായിത്തീർന്നിട്ടുള്ളതും. വലിയകോയിത്തമ്പുരാമൻ്റെ ശാകുന്തളം സംഗീത നാടകമാക്കിയിട്ടുള്ളതും വാര്യർതന്നെയാണ്. ടി. സി. അച്യുതമേനോൻ്റെ പ്രധാനകൃതി ‘സംഗീതനൈഷധ’മത്രെ. അച്ഛുതമേനോൻ ഹരിശ്ചന്ദ്രചരിതവും നാടകമാക്കാതിരുന്നിട്ടില്ല. പല്ലവാനു പല്ലവചരണങ്ങൾ അടങ്ങിട്ടുള്ള ഗാനങ്ങളിൽ അവതമ്മിലുള്ള സംബന്ധം ശരിക്കു മനസ്സിലാക്കി ഗാനരചന ചെയ്യുവാനും അച്യുതമേനോൻ ശ്രമിച്ചിട്ടുണ്ടു്. എങ്കിലും 1088-ൽ പ്രസിദ്ധപ്പെടുത്തിയ ഈ കൃതിക്ക് ചക്രപാണി വാര്യരുടെ ഹരിശ്ചന്ദ്ര നാടകത്തിനു സിദ്ധിച്ചിട്ടുള്ളതിൽ ശതാംശംപോലും പ്രസിദ്ധിയോ പ്രചാരമോ ഉണ്ടായിട്ടില്ലെന്നുള്ളതാണു് സത്യസ്ഥിതി. എന്നാൽ നൈഷധത്തിൻ്റെ നില ഇതിനു വിപരിതമായിരുന്നു. ചുരുങ്ങിയ ഒരു കാലയളവിനുള്ളിൽ അതിനു് ഇരുപതോളം പതിപ്പുകൾതന്നെ വേണ്ടിവന്നു എന്നു പറഞ്ഞാൽ അതിൻ്റെ പ്രചാരം ഏതാണ്ടു് ഊഹിക്കാമല്ലോ. “വരിക വരിക ചൂതു പൊരുതുവാൻ” എന്നു തുടങ്ങിയ ചില ഗാനങ്ങൾ എത്രയും ഉന്മേഷപ്രദങ്ങളും ഹൃദയാവർജ്ജങ്ങളുമത്രെ.