ദൃശ്യകാവ്യപ്രസ്ഥാനം
തമിഴ് നാടകങ്ങൾ: 1880-ാമാണ്ടോടടുത്തുണ്ടായ ശാകുന്തളം തർജ്ജമയുടെ ആവിർഭാവത്തോടുകൂടിയാണു് മലയാളത്തിൽ ഇന്നത്തെ നാടകരൂപം ഉണ്ടായിക്കഴിഞ്ഞിട്ടുള്ളതു്. ശാകുന്തളത്തിൻ്റെ പുറപ്പാടോടുകൂടിത്തന്നെ സാഹിത്യലോകത്തിൽ മറ്റൊരു മാറ്റവും സംഭവിച്ചു. സംഗീതനാടകങ്ങളുടെ തിരപ്പുറപ്പാടായിരുന്നു അത്. തമിഴരുടെ സംഗിതനാടകങ്ങളാണ് അക്കാര്യത്തിൽ നമുക്കു മാർഗ്ഗദർശകങ്ങളായിത്തിർന്നതും. ഹരിശ്ചന്ദ്രചരിതം, കോവിലൻ ചരിത്രം, നല്ലതങ്കാൾ, കണ്ണകി, വള്ളിത്തിരുമണം, സദാരം തുടങ്ങിയ നാടകങ്ങൾ ആ കാലഘട്ടത്തിൽ കേരളക്കര മുഴക്കെ മുഴക്കിക്കൊണ്ടിരുന്നവയാണു്.
രംഗ സംവിധാനത്തിൻ്റെ ഭംഗിയും സംഗീതത്തിൻ്റെ കൊഴപ്പുമാണു് തമിഴ് നാടകങ്ങളുടെയെല്ലാം വിജയത്തിൻ്റെ അസ്തിവാരം. തമിഴ്, മലയാളനാടകങ്ങൾക്കു നല്കിയിട്ടുള്ള ഏറ്റവും വലിയ സംഭാവനകളും ഇപ്പറഞ്ഞവതന്നെ. പക്ഷേ, തമിഴ്‌നാടകങ്ങളിലെ പാട്ടുകൾക്കു യാതൊരൗചിത്യവുമില്ല. ഏതു നടനും രാഗവിസ്താരത്തോടുകൂടിയേ രംഗത്തിൽ പ്രവേശിക്കൂ. മരിക്കാൻപോകുമ്പോഴും പാട്ട്, നായകൻ കരയുമ്പോഴും പാട്ട്. ഏതു വികാരാവസ്ഥയിലും പാട്ട്. അതോടൊപ്പം ഹാർമ്മോണിസ്റ്റിൻ്റെ ഏറ്റുപാടലും. വാസ്തവം പറഞ്ഞാൽ രംഗസ്ഥിതർ സംഗീതരസത്തിൽ മുഴുകിപ്പോകുന്നതിനാൽ കഥാബന്ധത്തെക്കുറിച്ചുള്ള ചിന്തയോ, സംഭവങ്ങളുടെ സ്വാഭാവികമായ അനുഭൂതിയോ ഒന്നുംതന്നെ പ്രേക്ഷകർക്കു സിദ്ധിക്കുന്നില്ല. സപ്തസ്വരങ്ങളേയും ഗാനാംശങ്ങളേയും പലവുരു സ്റ്റേജിൽ ആവർത്തിക്കുന്ന രീതി തമിഴ് നാടകങ്ങളുടെ ഒരു പ്രത്യേകതയാണു്. ഈദൃശമായ നാടകങ്ങൾ പലപ്പോഴും ഒരു പാട്ടു കച്ചേരിയുടെ പ്രതീതിയാണു് രംഗസ്ഥിതരിൽ ജനിപ്പിക്കുക. അതിനും പുറമേ ഓരോ നാടകത്തിനും പ്രത്യേകം പ്രത്യേകം ഗദ്യപദ്യങ്ങൾ തമിഴ്നാടകാഭിനയക്കാർ സ്വീകരിക്കാറുമില്ല. തമിഴരുടെ നാടകങ്ങളെപ്പറ്റി കെ. സി. കേശവപിള്ള പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായം ഇവിടെ സംഗതമായി തോന്നുന്നു:
“അവർ നമ്മുടെ നാട്ടുകാരെപ്പോലെ നാടകങ്ങൾക്കു പ്രത്യേകം ഗദ്യപദ്യങ്ങളെ അഭ്യസിച്ചുവെയ്ക്കുക പതിവില്ല. പല നാടകങ്ങളിലും ഭേദപ്പെടുത്താതെയോ സ്വല്പം ചില ഭേദഗതികളോടുകൂടിയോ ഉപയോഗിക്കാവുന്ന ഏതാനും പാട്ടുകൾ, വിരുത്തങ്ങൾ മുതലായവ അവർ അഭ്യസിച്ചിട്ടുണ്ടായിരിക്കും. ഒരിക്കൽ ദമയന്തീനളന്മാരുടെ സല്ലാപത്തിൽ ഉപയോഗിച്ച ഗാനംതന്നെ, മറ്റൊരിക്കൽ ശകുന്തളാദുഷ്യന്തന്മാരുടെ സല്ലാപത്തിൽ ഉപയോഗിക്കുന്നതായി കേൾക്കാം. ഗദ്യങ്ങളും പ്രായേണ നടന്മാരുടെ മനോവികാസത്തിനും വാഗ്വിലാസത്തിനും അനുരൂപമായി ഏറിയോ കുറഞ്ഞോ ഇരിക്കുന്നതല്ലാതെ അവയ്ക്കും ശരിയായ ഒരു നിയമം തമിഴ് നാടകങ്ങളിൽ ഉള്ളതായി കാണുന്നില്ല.”
