ദൃശ്യകാവ്യപ്രസ്ഥാനം
വിചിത്രവിജയം: കുമാരനാശാൻ നിർമ്മിച്ചിട്ടുള്ള ഒരു സ്വതന്ത്ര നാടകമാണിതു്. കാശീഭൂപനായ ബ്രഹ്മദത്തനെ സംബന്ധിച്ച കഥയാണ് അഞ്ചങ്കത്തിലുള്ള ഈ നാടകത്തിലെ പ്രതിപാദ്യം. ആശാൻ്റെ ചരമാനന്തരം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രസ്തുത നാടകം, കവി 1002-ൽ എഴുതാൻ തുടങ്ങിയതാണെന്നു മിസ്സിസ് കുമാരനാശാൻ പ്രസ്താവിച്ചു കാണുന്നു. മറ്റു കൃതികളിൽ പ്രത്യക്ഷപ്പെടാറുള്ള ആശാൻ്റെ തത്വ ചിന്താപ്രവണത ഇതിലും ഉടനീളം വ്യാപിച്ചുകാണുന്നുണ്ട്.
ബാലഗോപാലൻ : കുട്ടമത്തു കുന്നിയൂരു കുഞ്ഞികൃഷ്ണക്കുറുപ്പിൻ്റെ ഒരുനാടകമാണു് ബാലഗോപാലൻ. പേരിൽനിന്നുതന്നെ പ്രതിപാദ്യം വ്യക്തമാണല്ലോ. വായനക്കാരെ ഭക്തിസുധയിൽ ആറാടിക്കുന്ന ഈ നാടകംതന്നെ കവി പിന്നീട് ആട്ടക്കഥാരൂപത്തിലും പ്രകാശിപ്പിക്കാതിരുന്നിട്ടില്ല.
അന്ത്യാമന്ത്രണം: ഡി. പത്മനാഭനുണ്ണിയുടെ ‘അന്ത്യാമന്ത്രണ’വും ഇവിടെ ശ്രദ്ധേയമാണു്. അവതാരികയിൽ എം. രാമവർമ്മത്തമ്പാൻ പ്രസ്താവിച്ചിട്ടുള്ള ഒരു ഭാഗം നോക്കുക:
‘പുരാണ പാരായണക്കാരുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠിതങ്ങളായ അഭിപ്രായങ്ങളെ ഒന്നു പിടിച്ചു കുലുക്കിയിളക്കുകയത്രെ ഈ നാടകം ചെയ്യുന്നതു്. പഴയതു ഭക്ഷിച്ചു മടുത്തും പുതിയതനുഭവിക്കാൻ ആശ പെരുത്തും ഉള്ളവർക്ക് ഈ നാടകം വളരെ രസിക്കും: സംശയമില്ല.”
