ദൃശ്യകാവ്യപ്രസ്ഥാനം
സംസ്കൃതനാടകങ്ങളിലെ ഗദ്യം: ശാകുന്തളം തുടങ്ങിയ നാടകങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോൾ അവയിലെ ശ്ലോകങ്ങളെയാണു് നാം സാധാരണ അനുസ്മരിക്കുക. വർണ്ണനകളിലും, സംഭാഷണങ്ങളിൽ കവിഞ്ഞ ആശയങ്ങളെ വെളിപ്പെടുത്തേണ്ട ഘട്ടങ്ങളിലും ശ്ലോകങ്ങളാണ് പ്രസ്തുത നാടകങ്ങളിൽ പതിവായി ഉപയോഗിക്കുക. എന്നാൽ അവയിലെ ഗദ്യം ഒട്ടും അപ്രധാനമല്ലാത്ത ഒന്നാണെന്നുള്ള വസ്തുത നാം പലപ്പോഴും വിസ്മരിച്ചുപോകുന്നു. അതിനുള്ള കാരണം, സംസ്കൃത സാഹിത്യത്തിൽ ഗദ്യത്തിനു വളരെ പ്രാധാന്യം കൊടുക്കാതിരുന്നതുതന്നെയാണു്. എന്നാൽ ശാകുന്തളാദിനാടകങ്ങളിലെ ഗദ്യം, പദ്യത്തെപ്പോലെതന്നെ മധുര മനോഹരമാകുന്നു. അത്തരം കൃതികളുടെ വിവർത്തനങ്ങൾ ഭാഷയി ലെ ഗദ്യസാഹിത്യസമ്പത്തിനെ സംപുഷ്ടമാക്കിയിട്ടുണ്ടെന്നുള്ളതും നിരാക്ഷേപമായ ഒരു പരമാർത്ഥമാണു്. രസപുഷ്ക്കലവും ആശയസംപുഷ്ടവുമായ നല്ലനല്ല ഗദ്യങ്ങൾ ഇത്തരം നാടകങ്ങൾ വഴി ഭാഷയിൽ വളരെയധികം പ്രചരിച്ചിട്ടുണ്ടു്.
സ്വതന്ത്രനാടകങ്ങൾ: മേല്പറഞ്ഞ തർജ്ജമകൾക്കു പുറമേ സംസ്തുതകൃതികളുടെ ചുവടുപിടിച്ചുകൊണ്ടുള്ള സ്വതന്ത്രങ്ങളായ ചില കൃതികളും ഭാഷയിൽ പ്രകാശിതമായിട്ടുണ്ടു്. കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ ‘ദർപ്പവിച്ഛേദം’ അഥവാ ‘യദുകുലരാഘവം’, കെ. സി. കേശവപിള്ളയുടെ ‘രാഘവമാധവം’ എന്നീ നാടകങ്ങൾ അങ്ങനെയുള്ളവയിൽ പെടുന്നവയാണു്. ശ്രീകൃഷ്ണൻ രുഗ്മിണിയുടേയും ഗരുഡൻ്റേയും അഹങ്കാരത്തെ വിച്ഛേദിച്ച വിഷയത്തെ ഇതിവൃത്തമാക്കി രചിച്ചിട്ടുള്ളവയാണു് മേല്പറഞ്ഞ രണ്ടു നാടകങ്ങളും. വറുഗീസ് മാപ്പിളയുടെ എബ്രായക്കുട്ടിയും വിസ്മരിക്കത്തക്ക ഒന്നല്ല. കെ. സി. കേശവപിള്ളയുടെ ‘ലക്ഷ്മീകല്യാണം’ പ്രത്യേകം പേര്പറയത്തക്ക ഒരു കൃതിയാണു്. 1893-ൽ പ്രസിദ്ധപ്പെടുത്തിയ പ്രസ്തുത കൃതി ഭാഷയിൽ സാമുദായിക വൈകല്യങ്ങൾ ചിത്രീകരിക്കുന്ന നാടകങ്ങളിൽ ആദ്യത്തേതാണെന്നുള്ളതാണു് അതിൻ്റെ പ്രത്യേകത. നിധിയിരി മാണിക്കത്തനാരുടെ ശോഭ രാജവിജയം, കൃപാവതി എന്നീ നാടകങ്ങളും പ്രസ്താവയോഗ്യങ്ങളാകുന്നു. ഫ്രാൻസിലെ ളൂയീസ്‌രാജാവിനും അനുയായികൾക്കും ക്രൂശുയുദ്ധത്തിൽ ഉണ്ടായ അനുഭവങ്ങളെയാണു് ശോഭരാജവിജയത്തിൽ ഇതിവൃത്തമായി സ്വീകരിച്ചിട്ടുള്ളതു്. കൃപാവതി സ്നേഹത്തിൻ്റെ മാഹാത്മ്യത്തെ പ്രകീർത്തിക്കുന്ന ഒരു കഥയെ മുൻനിറുത്തിയുള്ളതാണു്. രണ്ടു നാടകങ്ങളും ആനന്ദപര്യവസായികളത്രെ. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെ ലക്ഷണാസംഗം, നളചരിതം, ഗംഗാവതരണം, സ്യമന്തകം, ചന്ദ്രിക, സന്താനഗോപാലം തുടങ്ങിയ കൃതികളും സ്വതന്ത്രനാടകങ്ങളിൽ ഉൾപ്പെട്ടവതന്നെ. പ്രസ്തുത കൃതികളിൽ ഗംഗാവതരണം ഒരു ദ്രുതകവനമാണു്. 101 ശ്ലോകങ്ങളും ആവശ്യമുള്ള ഗദ്യങ്ങളും ഉൾക്കൊള്ളിച്ചുള്ള ആ നാടകം, 1067 വൃശ്ചികം 13-ാം തീയതി കോട്ടയത്തുവച്ചു നടന്ന കവിസമാജത്തിലെ കാവ്യനിർമ്മാണമത്സരത്തിൽ പങ്കുചേർന്നു അഞ്ചു മണിക്കൂറും ഏഴു മിനിറ്റുംകൊണ്ടു ചമച്ച് ഒന്നാം സമ്മാനത്തിനു് അർഹമായിത്തീർന്ന ഒന്നത്രെ. പ്രസ്തുത മത്സരത്തിൽ രണ്ടാംസമ്മാനം നേടിയത് കൊട്ടാരത്തിൽ ശങ്കുണ്ണിയായിരുന്നുവെന്നുകൂടി ഇവിടെ പറ ഞ്ഞുകൊള്ളട്ടെ. ‘ശൃംഗാരചന്ദ്രിക’ തമ്പുരാൻ്റെ നാടകങ്ങളിൽ ഏതു കൊണ്ടും മുന്നണിയിൽ നില്ക്കുന്നു. നാട്യശാസ്ത്ര നിബന്ധനയനുസരിച്ചു് ഏഴങ്കത്തിൽ നിർമ്മിച്ചിട്ടുള്ള പ്രസ്തുത കൃതി ‘സംഗീത ഭാഷാ നാടകമാണെന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്. കൊച്ചുണ്ണിത്തമ്പുരാൻ്റെ ‘കല്യാണീനാടകം’ കല്പിതേതിവൃത്തമായ മലയാള നാടകങ്ങളിൽ നടുനായകമെന്നുതന്നെ പറയാം. ചെങ്ങന്നൂർ സ്വദേശിയായ കല്ലൂർ നാരായണ പിള്ള 1075 ചിങ്ങം 30-ാംതീയതി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും അഞ്ചങ്കങ്ങളോടുകൂടിയതുമായ ‘ബ്രസീനാനാടക’വും സ്വതന്ത്ര നാടകങ്ങളിൽ ഗണനീയമായ ഒന്നുതന്നെ.
