കുഞ്ചൻനമ്പിയാർ
ജീവചരിത്രം: തുള്ളൽ എന്ന ദൃശ്യകലാപ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവാണു് കുഞ്ചൻനമ്പിയാർ. 18-ാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ (കൊല്ലവർഷം 880-ാമാണ്ടിടയ്ക്ക്) തിരുവില്വാമലയ്ക്കടുത്തു്. കിള്ളിക്കുറിശ്ശിമംഗലം എന്ന സ്ഥലത്തുള്ള കലക്കത്തു കുടുംബത്തിലാണു ഈ മഹാകവി ജനിച്ചത്. പിതാവ്, സ്വവർഗ്ഗത്തിൽപ്പെട്ട ഒരു നമ്പിയാരായിരുന്നുവെന്നു വിശ്വസിച്ചുപോരുന്നു. നമ്പിയാരുടെ സാക്ഷാൽനാമധേയമെന്തെന്നും ഇനിയും നിർവ്വിവാദം നിർണ്ണയിക്കാൻ സാധിച്ചിട്ടില്ല. രാമൻ എന്നായിരുന്നുവെന്നു്, പഞ്ചതന്ത്രം, ശ്രീകൃഷ്ണവിലാസം തുടങ്ങിയവയിൽ കാണുന്ന ചില പ്രസ്താവങ്ങളെ ആസ്പദമാക്കി മിക്കവാറും സങ്കല്പിച്ചുപോരുന്നു. കുഞ്ചൻ എന്നത് ഓമനപ്പേരായി വിളിച്ചുവന്ന ഒരു നാമധേയമാണ് പ്രാരംഭവിദ്യാഭ്യാസം സ്വദേശത്തുതന്നെയുള്ള ചില ഗുരുക്കന്മാരിൽനിന്നു സമ്പാദിച്ചു. അസാമാന്യ പ്രതിഭാവിലാസത്തോടുകൂടിയ നമ്പിയാരിൽ കവിതാവാസന ശൈശവത്തിലേ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നു. സ്വദേശത്തുവച്ചു നേടിയ വിദ്യാഭ്യാസാനന്തരം നമ്പിയാർ ഒരു ദേശപര്യടനത്തിൽ പുറപ്പെട്ടതായി കാണുന്നുണ്ട്. അക്കാലത്തെ സഞ്ചാരത്തിനിടയിൽ ഒരിക്കൽ കോഴിക്കോട്ടെത്തിയ നമ്പിയാർക്കു് ഉണ്ണാനും ഉറങ്ങാനും വേണ്ട സൗകര്യമൊന്നും സിദ്ധിച്ചില്ല. ആ സംഭവത്തെ ആസ്പദമാക്കി അന്നു്, ഈ ബാലകവി രചിച്ചിട്ടുള്ള ഒരു ശ്ലോകം പ്രസിദ്ധമാണു്.
കോലഭൂപസ്യനഗരേ – വാസരാ ഹരിവാസരാഃ
മശകൈർമ്മക്കുണൈശ്ചാപി – രാത്രയശ്ശിവരാത്രയഃ
ഇതാണു് ആ ശ്ലോകം. കവിയുടെ വാസനയും മനോധർമ്മവിലാസവും ഇക്കാലം മുതൽക്കേ നാം കണ്ടുതുടങ്ങുന്നു.
