പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

ഇനി, നമുക്കു നമ്മുടെ സിനിമാരംഗത്തു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗാന രചയിതാക്കളുടെ കൃതികളിലേക്കു കടക്കാം. എന്നാൽ അതിനുമുമ്പായി മലയാള സിനിമയുടെ പ്രാരംഭചരിത്രം അല്പമൊന്നു സ്പർശിച്ചുപോകേണ്ടതുണ്ട്. സേലം മോഡേൺ തീയേറ്റേഴ്‌സിൻ്റെ ഉടമയായ ടി. ആർ. സുന്ദരം 1938-ൽ നിർമ്മിച്ച ‘ബാലൻ’ എന്ന ചിത്രം മുതല്ക്കാണു്, മലയാള സിനിമാവേദിയുടെ ചരിത്രം കുറിച്ചുതുടങ്ങിയതു്. പ്രസ്തുത ശബ്ദ ചിത്രത്തിൽ പ്രധാന നടനായി അഭിനയിച്ചതു കെ. കെ. അരൂർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കെ. കുഞ്ചുനായർ ആയിരുന്നുവെന്നുകൂടി പറഞ്ഞുകൊള്ളട്ടെ. പക്ഷേ, ബാലനുമുമ്പായി 1934-നോടടുത്തു വിഗതകുമാരൻ, മാർത്താണ്ഡവർമ്മ എന്നീ രണ്ടു ചിത്രങ്ങൾ തിരുവനന്തപുരത്തു പട്ടം സ്വദേശിയായ സി. ജെ. ദാനിയെൽ, നാഗർകോവിൽ സ്വദേശിയായ സുന്ദരരാജ് എന്നിവർ നിർമ്മിക്കയുണ്ടായി. എന്നാൽ അവ രണ്ടും ഓരോവിധ കാരണങ്ങളാൽ പ്രദർശനയോഗ്യമല്ലാതായിത്തീരുകയാണുണ്ടായത്. 1938-ൽ പ്രദർശനമാരംഭിച്ച ബാലനുശേഷം ജ്ഞാനാംബിക, പ്രഹ്ലാദൻ എന്നീ രണ്ടു ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു. ഇവ രണ്ടും മറുനാട്ടുകാരുടെ സംഭാവനകളുമായിരുന്നു. 1940-ൽ പ്രദർശിപ്പിച്ച ജ്ഞാനാംബികയിലെ പ്രധാനനടൻ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതരും, പ്രധാനനടി സി. കെ. രാജവുമായിരുന്നു. മാത്തപ്പൻ, ഏ. വി. പയസ്സ് തുടങ്ങിയവരും അതിൽ അഭിനയിക്കാതിരുന്നില്ല. അക്കാലത്തെ നാടകാഭിനയക്കാരിൽ പ്രധാനികളായിരുന്നു സിനിമായിലേയും നടീനടന്മാർ എന്നുതന്നെ പറയാം. പ്രഹ്ലാദനിൽ ഹിരണ്യകശിപുവിൻ്റെ വേഷം അഭിനയിച്ചതു് പിൽക്കാലത്തു കഥകളിയിലെ പ്രസിദ്ധ നടനായിത്തീർന്ന ഗുരു ഗോപിനാഥ് ആയിരുന്നുവെന്നുകൂടി പറഞ്ഞുകൊള്ളട്ടെ.