പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

നാടകകൃത്ത്, നടൻ എന്നീ നിലകളിൽ പ്രസിദ്ധനായ തിക്കുറിശ്ശി സുകുമാരൻനായർ ഗാനരചനാരംഗത്തും ശോഭിച്ചുവരുന്ന ഒരു വ്യക്തിയാണു്. അതുപോലെതന്നെ മങ്കൊമ്പു ഗോപാലകൃഷ്ണൻ, ഡോക്ടർ പവിത്രൻ, കണിയാപുരം രാമചന്ദ്രൻ, സോമദാസൻ തുടങ്ങിയവരും ഇന്നത്തെ ഗാനരചയിതാക്കളുടെ പട്ടികയിൽ ഉൾപ്പെട്ടവർതന്നെ. കൂടുതൽ ഒന്നും അവരെപ്പറ്റി ഇപ്പോൾ കുറിക്കുവാൻ തരമാകുന്നില്ല.

ഭൂമുഖത്തുള്ള ജനസഞ്ചയത്തിൽ ബഹുഭൂരിഭാഗവും തങ്ങളുടെ വിനോദരസത്തിനുവേണ്ടി തെരഞ്ഞെടുത്തിട്ടുള്ള കലയാണ് സിനിമ. തിരക്കുപിടിച്ച ഈ ജീവിതയാത്രയിൽ, അഥവാ, ദുഃഖഭൂയിഷ്ഠമായ ഈ ലോകജീവിതത്തിൽ, സ്വല്പസമയത്തേക്കെങ്കിലും മനസ്സിനു് ഒരു സുഖവും രസവും ഉണ്ടാക്കിത്തീർക്കുന്നതിനു വേണ്ടിയാണു് ജനത സിനിമാശാലകളിൽ പൊയ്ക്കൊണ്ടിരിക്കുന്നത്. അവിടെ വേദാന്തത്തിനോ തത്ത്വചിന്തക്കോ സ്ഥാനമൊന്നുമില്ലെന്നുള്ളതു സ്പഷ്ടമാണ്. എന്നുവരികിലും ജനസമുദായത്തിൻ്റെ സാംസ്കാരിക പുരോഗതിയിൽ സ്വാധീനം ചെലുത്തുവാൻ സിനിമയോളം കരുത്തും ശക്തിയും മറdറാന്നിനില്ലെന്നുള്ളതും വ്യക്തമാണു്. ആ സ്ഥിതിക്കു് സാംസ്കാരിക വിനിമയത്തിനുള്ള ഒരു ഉപാധിയായി സിനിമയെ തിരിച്ചുവിടേണ്ടതു് ആവശ്യമല്ലേ എന്നു ചിന്തിക്കേണ്ടിവരുന്നു. പക്ഷേ, ലക്ഷക്കണക്കിനു സംഖ്യമുടക്കി വിതരണം നടത്തുന്ന അതിൻ്റെ ഉടമകൾ, എന്നും മാർക്കറ്റിലെ ചെലവു നോക്കിയേ അതു കൈകാര്യം ചെയ്യുവാൻ മുതിരുകയുള്ളു. വെള്ളിത്തിരശ്ശീലയ്ക്കു മുമ്പിൽ വന്നു നിരന്നിരിക്കുന്ന കാഴ്ചക്കാരിൽ ഏറിയ പങ്കും അവിവാഹിതരും മധുവിധു നുകർന്നുകൊണ്ടിരിക്കുന്നവരും കോളേജുകുമാരികളും കുമാരന്മാരും മദ്ധ്യവയസ്ക്കരും മറ്റുമായിരിക്കും. അപ്പോൾ അത്തരക്കാരുടെ വികാരങ്ങൾക്കും ചിന്താഗതികൾക്കും അനുഗുണമായ ചിത്രങ്ങൾ. പ്രദർശിപ്പിക്കുന്നതിലായിരിക്കും സിനിമാവ്യാപാരികൾക്കു സ്വതേ താൽപര്യമുണ്ടായിരിക്കുക.