പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

യൂസഫലി കേച്ചേരി: അഞ്ചു കന്യകകൾ, സൈനബ തുടങ്ങിയ ചില കാവ്യങ്ങൾ എഴുതി പേരെടുത്ത ഒരു കവിയാണു് യൂസഫലി കേച്ചേരി. കേച്ചേരി എന്നത് തൃശ്ശൂർജില്ലയിൽ ഉൾപ്പെട്ട അദ്ദേഹത്തിൻ്റെ ജന്മദേശത്തിന്റെ പേരാണു്. ഒരു അഡ്വക്കേറ്റായ യൂസഫലി, സിനിമാരംഗത്താണു കൂടുതൽ വിഹരിച്ചുകാണുന്നത്. അദ്ദേഹം ആ രംഗത്ത് ഉത്തരോത്തരം ഉയർന്നുവരികയുമാണു്. മലയാള സിനിമാലോകത്തു പ്രസിദ്ധങ്ങളായ ഒട്ടുവളരെ ഗാനങ്ങൾ അദ്ദേഹത്തിൻ്റെ വകയായിട്ടുണ്ട്. പലതും കവിതാമയങ്ങളുമാണു്. സിന്ദൂരച്ചെപ്പിലെ ഒരു ഗാനം വളരെ പ്രസിദ്ധമാണ്:

ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ– ഓമലാളെ…

നാലുനിലപ്പന്തലിട്ടു വാനിലമ്പിളി
നാഗസ്വരമേളമിട്ടു പാതിരാക്കിളി
ഏകയായി രാഗലോലയായി
എൻ്റെ മുന്നിൽ വന്നവൾ കുണുങ്ങിനിന്നു
മുന്നിൽ കുണുങ്ങിനിന്നു- ഓമലാളെ….

ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ
ഞാൻ കൊതിക്കും ദേവലോകറാണിയാണവൾ
താളമാണവൾ – ജീവരാഗമാണവൾ
താലിചാർത്തും ഞാനവൾക്കീ നീലരാവിൽ
താലിചാർത്തും ഞാനവൾക്കീ നീലരാവിൽ– ഓമലാളെ …