പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

ലങ്കാദഹനത്തിൽനിന്നുമാണ് താഴെ ചേർക്കുന്ന ഗാനം ഉദ്ധരിക്കുന്നത്:

ഈശ്വരനൊരിക്കൽ വിരുന്നിനു പോയി
രാജകൊട്ടാരത്തിൽ; വിളിക്കാതെ,
കന്മതിൽഗോപുരവാതിലിന്നരികിൽ
കരുണാമയനവൻ കാത്തുനിന്നു – കരുണാ… – ഈശ്വര….
അലങ്കാരദീപങ്ങൾ ആർത്തുചിരിച്ചു
അന്തഃപുരമാകെ കോരിത്തരിച്ചു– കോരി….

വിഭവങ്ങളൊരുങ്ങീ വിദ്വാന്മാരൊരുങ്ങീ
വിലാസനൃത്തം തുടങ്ങൂ– വിലാസ…. ഈശ്വര….

ആടകൾ ചാർത്തിയ തൻമണിവിഗ്രഹം
അവിടെയും സൂക്ഷിച്ചിരുന്നു– അവിടെ….
മധുരപദാർത്ഥങ്ങളായിരം വിളമ്പീ
മദിരാചഷകം തുളുമ്പീ– മദിരാ…. ഈശ്വര…..

ഒരുപിടിച്ചോറിനായ് യാചിച്ചു ദൈവം
ചിരികൾ ഉയർന്നു സദസ്സിൽ– ചിരി….
ഒരു കാവൽക്കാരൻ വാളോങ്ങിനിന്നൂ
ചിരിച്ചു പിൻവാങ്ങീ
ഭഗവാൻ – ഭഗവാൻ – ഭഗവാൻ

ഈ ഗാനം നമ്മുടെ സമ്പന്നന്മാരും ഉന്നതപദവിയിലിരിക്കുന്നവരുമൊക്കെ നിത്യം പാരായണം ചെയ്യേണ്ടതാണു്. ആലോചനാമൃതമെന്നോ വ്യംഗ്യമധുരമെന്നോ പറയേണ്ടതു് ഇത്തരം ഗാനങ്ങളെയാണു്. സംക്ഷിപ്തമായ ഇതിലെ വർണ്ണനകളും ശ്രദ്ധേയമാണു്.