പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

ഒ. എൻ. വി. കുറുപ്പ്: ആധുനിക കവികളിൽ ആദരണീയനായ ഒരു പ്രൗഡകവിയാണ് ഒ. എൻ. വി. കവിതപോലെതന്നെ അദ്ദേഹത്തിൻ്റെ ഗാനങ്ങളും അഭിനന്ദനാർഹങ്ങളാണു്. ഗാനമാല (സമാഹാരം), ഗാനമേള (50 ഗാനങ്ങൾ), നാടകഗാനങ്ങൾ എന്നിവ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കു പുറമെ ഒട്ടുവളരെ സിനിമാഗാനങ്ങളുമുണ്ട്. ബാലമുരളി എന്ന തൂലികാനാമത്തിലാണു് ഒ. എൻ. വി.യുടെ സിനിമാഗാനങ്ങൾ അധികവും പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നറിയുന്നു. അദ്ദേഹത്തിൻ്റെ ഗാനങ്ങളിൽ ചിലതു നമുക്കിവിടെ ഉദ്ധരിച്ചുനോക്കാം. കാട്ടുപൂക്കൾ എന്ന ചിത്രത്തിലെ ബാലമുരളിയുടെ ഒരു ഗാനമാണിതു്:

മാണിക്യവീണയുമായെൻ മനസ്സിൻ്റെ
താമരപ്പൂവിലുണർന്നവളേ
പാടുകില്ലേ വീണമീട്ടുകില്ലേ നിൻ്റെ
വേദനയെന്നോടു ചൊല്ലുകില്ലേ- ഒന്നും മിണ്ടുകില്ലേ- മാണി…
എൻമുഖം കാണുമ്പോൾ നിൻകൺമുനകളിൽ
എന്തിത്ര കോപത്തിൻ സിന്ദൂരം– എൻമുഖം….
എന്നടുത്തെത്തുമ്പോൾ എന്തു ചോദിക്കിലും
എന്തിനാണെന്തിനാണീ മൗനം– മാണിക്യ….
മഞ്ഞുപൊഴിഞ്ഞല്ലോ മാമ്പൂകൊഴിഞ്ഞല്ലോ
പിന്നെയും പൊൻവെയിൽ വന്നല്ലോ
നിൻമുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി
എന്നിനി എന്നിനി കാണും ഞാൻ– മാണിക്യ…