പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

വയലാർ രാമവർമ്മ: വയലാറിനെ ഓമനത്തം തുളുമ്പുന്ന ഒരു യുവകോമളനായിട്ടാണു് ഈ ഗ്രന്ഥകാരനു് ആദ്യമേ കാണുവാൻ കഴിഞ്ഞിട്ടുള്ളത്. അദ്ദേഹത്തിൻ്റെ കവിതയും അതുപോലെതന്നെ ഓമനത്തം തുളുമ്പുന്നവയാണു്. സിനിമാഗാനങ്ങളും അതിൽനിന്ന് അധികം ഭിന്നമല്ല. വയലാറിൻ്റെ ഗാനങ്ങളെപ്പറ്റി, മധുരമനോഹരങ്ങൾ എന്നു് ഒറ്റവാക്കിൽ പറയാമെന്നു തോന്നുന്നു. അദ്ദേഹത്തിൻ്റെ ഗാനങ്ങളിൽ നല്ലൊരുഭാഗം പ്രേമഗീതങ്ങളാണെന്നു് പറയേണ്ടതുണ്ട്. യുവജനങ്ങളെ അവ കൂടുതൽ ആകർഷിച്ചുകൊണ്ടുമിരിക്കുന്നു. മലയാളസിനിമയിൽ കൂടുതൽ ഗാനങ്ങൾ എഴുതിയിട്ടുള്ളതും രാമവർമ്മയാണെന്നു തോന്നുന്നു. ‘എൻ്റെ ചലച്ചിത്രഗാനങ്ങൾ’ എന്ന പേരിൽ ഏതാനും ഭാഗങ്ങൾ ഇതിനകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇനി അദ്ദേഹത്തിൻ്റെ കൃതികളിൽ ചിലതു് ഇവിടെ പ്രകാശിപ്പിക്കാം. അരനാഴികനേരത്തിലെ-

സ്വരങ്ങളേ–സപ്തസ്വരങ്ങളേ
വിരിയൂ രാഗമായ് താളമായ് വർണ്ണമായ്
വിചിത്രവീണക്കമ്പികളിൽ–സ്വരങ്ങളേ….ക്കമ്പികളിൽ
സ്വരങ്ങളേ–

ഇങ്ങനെ നീളുന്നു ആ ഗാനം. കേരളത്തിലെ സംഗീതപ്രിയരായ യുവമധുപകുലങ്ങൾ നിത്യം മൂളിക്കൊണ്ടു നടക്കുന്ന ഒരു മോഹനഗാനമാണിത്. അരനാഴിക നേരത്തിലെ-

അനുപമേ–അഴകേ
അല്ലിക്കുടങ്ങളിലമൃതുമായ് നിൽക്കും
അജന്താശില്പമേ