പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

ഇനി, വേറൊന്നിലെ–

‘കാറ്റൊന്നനങ്ങിയാൽ കഥകളിയാടുന്ന
കദളിത്തൈവാഴകളേ
കാലൊന്നനങ്ങിയാൽ കൈകൊട്ടിത്തുള്ളുന്ന
കനകച്ചിലങ്കകളേ’

എന്നിങ്ങനെയുള്ള രുചിരാലങ്കാരങ്ങൾ കാണുമ്പോൾ എന്തുകൊണ്ടിവയ്ക്ക് അവാർഡു നൽകുന്നില്ല എന്നു ചോദിക്കുവാൻ തോന്നിപ്പോകാറുണ്ട്. ഇനിയും മറ്റു ചിലതു നോക്കുക: ഭാഗ്യജാതകത്തിലെ –

ആദ്യത്തെ കണ്മണി ആണായിരിക്കണം
ആരുമേ കണ്ടാൽ കൊതിക്കണം–അവൻ
അച്ഛനെപ്പോലെയിരിക്കണം
എന്നു തുടങ്ങുന്ന ഗാനം രസികത തികഞ്ഞതുതന്നെ.

സ്ത്രീയിലെ–
ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു
മാമക കരാം​ഗുലിചുംബന ലഹരിയിൽ
പ്രേമസംഗീതമായ് നീ പുറത്തുവന്നു. ഇന്നലെ….

എന്നിങ്ങനെയുള്ള ഗാനവും, ഭാർഗ്ഗവീനി‌ലയത്തിലെ–
താമസമെന്തേ വരുവാൻ–പ്രാണസഖീയെൻ്റെ മുന്നിൽ
താമസമെന്തേയണയാൻ–പ്രേമമയീയെൻ്റെ കണ്ണിൽ– താമസ….
ഹേമന്തകാമിനിതൻ പൊൻവിളക്കു പൊലിയാറായ്
മാകന്ദശാഖികളിൽ രാക്കിളികൾ മയങ്ങാറായ്– താമസ….