സിനിമാഗാനങ്ങൾ
പി. ഭാസ്‌കരൻ: മലയാള സിനിമാഗാനനിർമ്മാതാക്കളിൽ ഇന്നു് ഉന്നത ശീർഷനായി വർത്തിക്കുന്ന വ്യക്തിയാണ് ഭാസ്കരൻ. കാവ്യലോകത്തിൽ കുറെദൂരം സഞ്ചരിച്ച് അവിടെ ഒരു നിലയുറപ്പിച്ച ഭാസ്കരകവിയാണു് പിന്നീടു സിനിമാ രംഗത്തേക്കു വന്നത്. തന്നിമിത്തം സംഗീത സാഹിത്യ സമഞ്ജസമായ ഒരു സുന്ദര ശൈലി മിനഞ്ഞെടുക്കുവാൻ ഈ രംഗത്ത് അദ്ദേഹത്തിനു് എളുപ്പം സാധിച്ചു. മനോജ്ഞമായ ഭാവന അദ്ദേഹത്തിൻ്റെ ഗാനങ്ങളിൽ എവിടെയും തത്തിക്കളിക്കുന്നതു കാണാം. സിനിമാഗാനങ്ങളിൽ നല്ലൊരുഭാഗം അദ്ദേഹമാണു് എഴുതിയിട്ടുള്ളതെന്നു് തോന്നുന്നു. ‘പി. ഭാസ്കരൻ്റെ സിനിമാഗാനങ്ങൾ’ എന്ന പേരിൽ ഒൻപതു ഭാഗങ്ങൾ ഇതിനകം പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. ശൃംഗാരം തുടങ്ങിയ വികാരങ്ങളെ അല്പം വിനോദത്തോടുകൂടി പ്രകാശിപ്പിക്കുവാൻ ഈ ഗാനരചയിതാവിനുള്ള വൈദഗ്ദ്ധ്യം ചെറുതൊന്നുമല്ല. നീലക്കുയിലിലെ പ്രസിദ്ധമായ ഗാനം നോക്കുക:
കായലരികത്തു വലയെറിഞ്ഞപ്പോ–
വളകിലുക്കിയ സുന്ദരീ,
പെണ്ണുകെട്ടിനു കുറിയെടുക്കുമ്പൊ–
ളൊരു നറുക്കിനു ചേർക്കണേ– കായല….
കണ്ണിനാലെൻ്റെ കരളിനുരുളിയി–
ലെണ്ണ കാച്ചിയ നൊമ്പരം
ഖൽബിലറിഞ്ഞപ്പോളിന്നു ഞമ്മള്–
കയറുപൊട്ടിയ പമ്പരം
…………………………………………………
വേറെയാണു വിചാരമെങ്കില്–
നേരമായതു ചൊല്ലുവാൻ
വെറുതെ ഞാനെന്തിനെരിയും വെയിലത്തു–
കയിലും കുത്തി നടക്കണു!– കായല….
