പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

എല്ലാ സുമങ്ങളും ഒന്നിച്ചു പൂക്കുമീ
വല്ലരി കണ്ടു പകച്ചുനിന്നു
ആരുമറിയാതെ ഞാനുമറിയാതെ
ആരോ വന്നെന്നുള്ളിൽ കൂടുകെട്ടി

കരളിൻ്റെ ഭാഷയിൽ ഒരു നല്ല പാട്ടവൻ
ഒരുവരും കേൾക്കാതെ പാടിത്തന്നു
കാതുകളിർക്കുമാ സംഗീതം കേൾക്കുവാൻ
കാനനദേവത കാത്തുനിന്നു
ആരുമറിയാതെ ഞാനുമറിയാതെ
ആരോ വന്നെന്നുള്ളിൽ കൂടുകെട്ടി– ആരു…

ഹൃദയത്തിൽ ആനന്ദമകരന്ദം ഒഴുക്കുന്ന ഒന്നാന്തരം ഒരു ഗാനം! സ്കൂൾ മാസ്റ്റർ എന്ന ചിത്രത്തിലെ രസികതപൂണ്ട ഒരു ഗാനമിതാ:

അന്തിമയങ്ങിയല്ലൊ – അമ്പിളി മാനത്തുദിച്ചല്ലൊ
എന്നിട്ടും വന്നില്ലെൻ്റെ പൊന്നുചങ്ങാതി

വൈക്കം കായലിലോളം കാണുമ്പോൾ
ഓർക്കും ഞാനെൻ്റെ മാരനെ
കാറ്റുവന്നെൻ്റെ കതകിൽത്തള്ളുമ്പോൾ
ഓർക്കും ഞാനെൻ്റെ മാരനെ – അൻപുറ്റ മണിമാരനെ

ഇങ്ങനെ നീണ്ടുപോകുന്നു ആ ഗാനം. ആരുടെയും ചുണ്ടിൽ പുഞ്ചിരിവിടർത്തുന്ന ഒരു ഗാനമാണിതെന്നു പറയേണ്ടതില്ലല്ലോ. ഇതുപോലെ അഭയദേവിൻ്റെ ഗാനങ്ങളിൽ പലതും ഇവിടെ ഉദ്ധരിക്കത്തക്കവയായുണ്ട്.