സഞ്ചാര സാഹിത്യം
എൻ്റെ ഭൂപ്രദക്ഷിണ വൃത്താന്തം: എൻ. ജെ. നായർ 1938-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു വിശിഷ്ട സഞ്ചാര ചരിത്രമാണു് എൻ്റെ ഭൂപ്രദക്ഷിണവൃത്താന്തം. യൂറോപ്പിലും അമേരിക്കയിലും ഉള്ള വാണിജ്യ വ്യവസായങ്ങൾ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിനു പുറപ്പെട്ട ഗ്രന്ഥകാരൻ തൽസംബന്ധമായി ഇൻഡ്യക്കാർ മനസ്സിലാക്കേണ്ട വസ്തുതകളെ പ്പറ്റിയും ആകർഷകങ്ങളായ മറ്റു വിശേഷങ്ങളെപ്പറ്റിയും എത്രയും ശ്രദ്ധാർഹമായ വിധത്തിൽ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. മലയാളത്തിൽ ഉണ്ടായിട്ടുള്ള നല്ല യാത്രാവിവരണങ്ങളിൽ പലതുകൊണ്ടും മുൻപന്തിയിൽ എടുത്തുവയ്ക്കാവുന്ന ഒരു കൃതിയാണിതെന്നു പറയുവാൻ സംശയിക്കേണ്ടതില്ല.
ഞാൻ കണ്ട യൂറോപ്പ്, മിസ്സിസ് കുട്ടൻനായരുടെ ഒരു സഞ്ചാര സാഹിത്യകൃതിയാണു്. ഒരു കേരളീയ വനിതയിൽ നിന്നും ഈ പ്രസ്ഥാനത്തിൽ ആദ്യമായി ലഭിച്ച സംഭാവനയും ഇതുതന്നെ. ഗ്രന്ഥകർത്തി 1938-ൽ ഒരു വനിതാ സംഘമൊന്നിച്ചു യൂറോപ്പിൽ പല ദേശങ്ങളിലും സഞ്ചരിക്കുകയുണ്ടായി. അന്നു് അവർ സഞ്ചരിച്ച രാജ്യങ്ങളിലെ പ്രധാന സ്ഥലങ്ങളെക്കുറിച്ചും അഖിലരാജ്യ വിദ്യാർത്ഥി സമ്മേളനത്തെക്കുറിച്ചും ഇതിൽ സരസമായി പ്രതിപാദിച്ചിട്ടുണ്ടു്.
